തിയറ്ററുകളില്‍ ചിരി നിറയ്ക്കാൻ ബിജു മേനോൻ- സുരാജ് വെഞ്ഞാറമ്മൂട് ടീമിന്റെ ഫൺ ഫാമിലി ഡ്രാമ ചിത്രമായ “നടന്ന സംഭവം” വരുന്നു. മാർച്ച് 22ന് പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ടീസർ അണിയറക്കാർ പുറത്തുവിട്ടു. മറഡോണ എന്ന ചിത്രത്തിന് ശേഷം വിഷ്ണു നാരായണൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് അനൂപ് കണ്ണനും രേണുവും ചേർന്നാണ്. ഒരു മെക്സിക്കൻ അപാരത എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം അനൂപ് കണ്ണൻ സ്റ്റോറീസിന്റെ ബാനറിൽ പുറത്തിറങ്ങുന്ന ചിത്രമാണ് നടന്ന സംഭവം. നഗരത്തിലെ ഒരു വില്ല കമ്യൂണിറ്റിക്ക് അകത്ത് നടക്കുന്ന രസകരമായ സംഭവങ്ങളുടെ നർമ്മത്തിലൂടെയുള്ള ആവിഷ്ക്കാരമാണ് ചിത്രം. ഉണ്ണി എന്ന കഥാപാത്രമായി ബിജു മേനോനും അജിത്ത് എന്ന കഥാപാത്രമായി സുരാജും എത്തുന്നു. ഇവർക്ക് പുറമേ ലിജോ മോൾ, ശ്രുതി രാമചന്ദ്രൻ, സുധി കോപ്പ, ജോണി ആന്റണി, ലാലു അലക്സ്, നൗഷാദ് അലി, ആതിര ഹരികുമാർ, അനഘ അശോക്, ശ്രീജിത്ത് നായർ, എയ്തൾ അവ്ന ഷെറിൻ, ജെസ് സുജൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
