കാസർകോഡ്: ചെന്നൈ വിമാനത്താവളത്തിൽ പിടിയിലായ നടൻ ഷിയാസ് കരീമിനെ കാസർകോട് ചന്തേര പൊലീസ് കസ്റ്റഡിയിൽ വാങ്ങി. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ ലുക്ക്ഔട്ട് സർക്കുലറിനെ തുടർന്ന് ദുബായിൽ നിന്ന് എത്തിയപ്പോൾ ഇന്നലെയാണ് ഷിയാസിനെ എമിഗ്രേഷൻ വിഭാഗം പിടികൂടിയത്.
അതിനിടെ, കഴിഞ്ഞ ദിവസം ഷിയാസ് കരീമിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ചെന്നൈ വിമാനത്താവളത്തിൽ വെച്ച് പിടിയിലായ ഷിയാസിനെ കാസർകോടേക്ക് കൊണ്ടുവരാൻ പൊലീസ് സംഘം ചെന്നൈയിലേക്ക് പുറപ്പെട്ടതിന് പിന്നാലെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്ത് വന്നത്. ലുക്ക് ഔട്ട് നോട്ടീസ് ഉള്ളതിനാൽ ഗൾഫിൽ നിന്നെത്തിയ ഷിയാസിനെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞു വെക്കുകയായിരുന്നു. തുടർന്ന് ചന്തേര പൊലീസിനെ ചെന്നൈ പൊലീസ് വിവരം അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം ചെന്നൈയിലെത്തി ഷിയാസിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
