മലയാള സിനിമയിൽ അമ്മ എന്ന കാരക്ടറിന് ഒരു ബ്രാൻഡ് അംബാസിഡറുണ്ടെങ്കിൽ അത് കവിയൂർ പൊന്നമ്മയാണെന്ന് പൊതുവെ സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകർ പറഞ്ഞ് കേട്ടിട്ടുള്ളത്. ഇതുവരെ വന്നിട്ടുള്ള കവിയൂർ പൊന്നമ്മയുടെ എല്ലാ അമ്മ വേഷങ്ങളും ആരാധകർക്ക് ഏറെ പ്രിയപ്പെട്ടതാണ്.
അക്കൂട്ടത്തിൽ മോഹൻലാൽ-കവിയൂർ പൊന്നമ്മ അമ്മ-മകൻ കോമ്പോയ്ക്കാണ് പ്രേക്ഷകർ കൂടുതൽ. ഇവർ ശരിക്കും അമ്മയും മകനും തന്നെയാണോയെന്ന് സംശയിച്ചവരുമുണ്ട്. മലയാള സിനിമയുടെ സ്വന്തം അമ്മയെന്നും കവിയൂർ പൊന്നമ്മയെ വിശേഷിപ്പിക്കാറുണ്ട്.
ഉണ്ണിയേ…. എന്ന് കവിയൂർ പൊന്നമ്മ നീട്ടി വിളിക്കുമ്പോൾ പ്രേക്ഷകന് അവരുടെ സ്വന്തം അമ്മ വിളിക്കുന്ന പ്രതീതിയാണ് തോന്നാറുള്ളത്. സെന്റിമെന്റ്സൊക്കെ കൈകാര്യം ചെയ്യുന്നതിൽ കവിയൂർ പൊന്നമ്മയെ കഴിഞ്ഞിട്ടേയുള്ളു മലയാള സിനിമയിൽ വേറെ ഏതൊരമ്മയും.
എഴുപത്തിയാറുകാരിയായ കവിയൂർ പൊന്നമ്മ ഇപ്പോൾ സിനിമയിൽ അത്ര സജീവമല്ല. പ്രായാധിക്യമാണ് കാരണം. ഇപ്പോൾ വിശ്രമ ജീവിതം നയിക്കുകയാണ് കവിയൂർ പൊന്നമ്മ.
2021ൽ പുറത്തിറങ്ങിയ ആന്തോളജി ആണും പെണ്ണുമാണ് കവിയൂർ പൊന്നമ്മ അഭിനയിച്ച് അവസാനം പ്രേക്ഷകർക്ക് മുന്നിലെത്തിയ സിനിമ.
ഇപ്പോഴിതാ മുതിർന്ന നടി കവിയൂർ പൊന്നമ്മയെ സന്ദർശിക്കാൻ പോയ നടി ഊർമിള ഉണ്ണി പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.
‘പ്രിയപ്പെട്ട പൊന്നമ്മ ചേച്ചിയെ കാണാൻ പോയി…. പഴയ ചിരിയും… സ്നേഹവും ഒക്കെയുണ്ട്….’ കവിയൂർ പൊന്നമ്മയുമൊത്തുമുള്ള ചിത്രം പങ്കുവെച്ച് ഊർമിള ഉണ്ണി കുറിച്ചു.
നിരവധി പേരാണ് ഫോട്ടോ വൈറലായതോടെ കമന്റുമായി എത്തിയത്. 1945 ൽ പത്തനംതിട്ടയിലാണ് കവിയൂർ പൊന്നമ്മ ജനിച്ചത്. അച്ഛൻ ടി.പി ദാമോദരൻ. അമ്മ ഗൗരി. അവരുടെ ആദ്യത്തെ കുട്ടിയായിരുന്നു പൊന്നമ്മ.
പൊന്നമ്മയ്ക്ക് താഴെ ആറ് കുട്ടികൾ ഉണ്ടായിരുന്നു. അവരിൽ കവിയൂർ രേണുകയും അഭിനേത്രിയായിരുന്നു. നാടക വേദികളിലൂടെയാണ് കവിയൂർ പൊന്നമ്മ തന്റെ കലാജീവിതത്തിന് തുടക്കം കുറിച്ചത്.
പതിനാലാമത്തെ വയസിലാണ് ആദ്യമായി നാടകത്തിൽ അഭിനയിക്കുന്നത്. തോപ്പിൽ ഭാസിയുടെ മൂലധനമായിരുന്നു കവിയൂർ പൊന്നമ്മയുടെ ആദ്യ നാടകം. നാടക വേദികളിലെ അഭിനയ മികവും പ്രശസ്തിയും അവർക്ക് സിനിമയിലേക്കുള്ള പ്രവേശനത്തിന് വഴിയൊരുക്കി.
1962ൽ ശ്രീരാമ പട്ടാഭിഷേകം എന്ന സിനിമയിലാണ് കവിയൂർ പൊന്നമ്മ ആദ്യമായി അഭിനയിക്കുന്നത്. 1964ൽ ഇറങ്ങിയ കുടുംബിനി എന്ന ചിത്രത്തിലെ അമ്മ വേഷത്തിലൂടെയാണ് പ്രശസ്തയാകുന്നത്.
തുടർന്ന് കവിയൂർ പൊന്നമ്മ അഭിനയിച്ച ഭൂരിഭാഗം സിനിമകളിലും അവർക്ക് അമ്മ വേഷം തന്നെയായിരുന്നു ലഭിച്ചിരുന്നത്. സത്യൻ, പ്രേംനസീർ, മധു, മമ്മൂട്ടി, മോഹൻലാൽ എന്നിങ്ങനെ മലയാളത്തിലെ മുൻനിര നായകൻമാരുടെയെല്ലാം അമ്മയായി അഭിനയിച്ചു.
സ്നേഹവും വാത്സല്യവും നിറഞ്ഞ അമ്മയായിട്ടായിരുന്നു കവിയൂർ പൊന്നമ്മ അഭിനയിച്ച അമ്മ വേഷങ്ങളിൽ ഭൂരിപക്ഷവും.
മലയാളിയുടെ അമ്മയുടെ മുഖം തന്നെയായി പിന്നീട് കവിയൂർ പൊന്നമ്മ മാറി. നാനൂറിലധികം സിനിമകളിൽ നടി അഭിനയിച്ചിട്ടുണ്ട്. നല്ലൊരു ഗായിക കൂടിയാണ് കവിയൂർ പൊന്നമ്മ.
വെച്ചൂർ എസ് സുബ്രഹ്മണ്യയ്യർ, എൽ.പി.ആർ വർമ എന്നിവരുടെ കീഴിൽ നിന്നാണ് കവിയൂർ പൊന്നമ്മ സംഗീതം പഠിച്ചത്. ഡോക്ടർ എന്ന നാടകത്തിലാണ് ആദ്യമായി പാടുന്നത്. തീർത്ഥയാത്ര എന്ന സിനിമയിലെ അംബികേ ജഗദംബികേ… എന്ന ഭക്തി ഗാനമാണ് കവിയൂർ പൊന്നമ്മയുടെ ആദ്യ സിനിമാ ഗാനം.
നാടകത്തിലും സിനിമയിലുമായി പന്ത്രണ്ടോളം ഗാനങ്ങൾ പാടിയിട്ടുണ്ട്. കവിയൂർ പൊന്നമ്മ ആദ്യമായി നായികയായ റോസി എന്ന ചിത്രത്തിന്റെ നിർമാതാവായിരുന്ന മണിസ്വാമിയെ പിന്നിട് കവിയൂർ പൊന്നമ്മ വിവാഹം ചെയ്തു. ഒരു മകളാണ് ഉള്ളത്. മകൾ ബിന്ദു വിവാഹിതയായി ഭർത്താവിനൊപ്പം അമേരിക്കയിലാണ്.
