ഈ ലോകത്ത് എല്ലാവരുടേയും ജീവിതം വളരെ എളുപ്പമുള്ളതല്ല. പലവിധത്തിലുള്ള പ്രതിസന്ധികളെയും അതിജീവിച്ച് തങ്ങളുടെ ജീവിതം കെട്ടിപ്പടുക്കുന്നവരും ഇവിടെയുണ്ട്. അങ്ങനെ ഒരു പെൺകുട്ടിയുടെ അനുഭവം വെളിപ്പെടുത്തുകയാണ് ഹ്യുമൻസ് ഓഫ് ബോംബെ എന്ന ഫേസ്ബുക്ക് പേജ്. അതിൽ പറയുന്ന അനുഭവം ഇങ്ങനെ.
ഞാൻ ജനിച്ചത് ഭിന്നശേഷിക്കാരിയായിട്ടാണ്. എന്റെ വലതുകാൽ ഇടതുകാലിനേക്കാൾ ചെറുതായിരുന്നു. അതുപോലെ തന്നെ മറ്റ് പ്രശ്നങ്ങളും ഉണ്ടായിരുന്നു. സിലിഗുരിയിലെ അറിയപ്പെടുന്ന കുടുംബമായിരുന്നു എന്റേത്. അതിനാൽ, എന്നെപ്പോലെ ഒരു കുട്ടി ആ വീട്ടിൽ ഉണ്ടാവണമെന്ന് അച്ഛനും അമ്മയും ആഗ്രഹിച്ചില്ല. അങ്ങനെ അമ്മയും അച്ഛനും എന്നെ ഉപേക്ഷിച്ചു. നാനിയാണ് എനിക്ക് വേണ്ടി അവരോട് പോരാടിയതും എന്നെ ദത്തെടുത്തതും. നാനി ഒരു ഹോസ്പിറ്റൽ ജീവനക്കാരിയായിരുന്നു.നാനിക്ക് കിട്ടുന്ന ചെറിയ തുകപോലും അവർ എന്റെ വിദ്യാഭ്യാസത്തിനും ഭക്ഷണത്തിനും വേണ്ടി ചെലവഴിച്ചു. പതിയെ ഞാനവരെ അമ്മാ എന്ന് വിളിച്ചു തുടങ്ങി. എന്റെ ജീവിതത്തിലെ ഓരോ ഘട്ടത്തിലും അവർ എന്റെ കൂടെ ഉണ്ടായിരുന്നു. എനിക്ക് ചെറുപ്പത്തിലെ ഡാൻസ് ചെയ്യാൻ ഇഷ്ടമായിരുന്നു. രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ എന്റെ കൂട്ടുകാരെല്ലാം ഡാൻസ് മത്സരങ്ങളിൽ പങ്കെടുത്തു. എനിക്കും പങ്കെടുക്കാൻ ആഗ്രഹമുണ്ടായിരുന്നു. എന്നാൽ, എന്റെ കാലിന്റെ അവസ്ഥ കാരണം ഞാൻ ഒഴിവാക്കപ്പെടുകയാണ് ഉണ്ടായത്.
എന്നാൽ, എനിക്കെന്താണ് ചേരുക എന്ന് അവരാണോ തീരുമാനിക്കുക? അങ്ങനെ എനിക്കെന്താണോ ഇഷ്ടം അത് പഠിക്കാൻ ഞാൻ തീരുമാനിച്ചു. മണിക്കൂറുകളോളം ഡാൻസ് റിയാലിറ്റി ഷോകളും ബോളിവുഡ് സോങ്ങുകളും കാണാൻ തുടങ്ങി. അതിലെ ഓരോ സ്റ്റെപ്പും ഞാൻ പരിശീലിച്ച് തുടങ്ങി. അങ്ങനെ, 2002 -ൽ ഒമ്പത് വയസ് പ്രായമുള്ളപ്പോൾ കൃത്രിമക്കാലുകൾ നൽകുന്ന ഒരു സംഘടന എന്നെ വിളിച്ചു. വളരെ കാലം മുമ്പ് നാനി അപേക്ഷിച്ചതായിരുന്നു അതിന് വേണ്ടി. എന്ത് ചെയ്യാനാണ് ആഗ്രഹം എന്ന് അവരെന്നോട് ചോദിച്ചപ്പോൾ ഞാൻ മറുപടി നൽകിയത് നൃത്തം ചെയ്യാൻ എന്നായിരുന്നു. ഭിന്നശേഷിക്കാർക്കായി അവർ ഒരു പരിപാടി സംഘടിപ്പിച്ചപ്പോൾ അങ്ങനെ ഞാനും പങ്കെടുത്തു. സംസ്ഥാനതലത്തിൽ എനിക്ക് അവാർഡ് കിട്ടി. അതിന് ശേഷം ഒന്നിനും എന്നെ തടുക്കാൻ ആയിട്ടില്ല.
എപ്പോഴും നാനി എന്നോട് ഒരു ജോലി വാങ്ങാൻ പറയും. നീയൊരു ജോലി വാങ്ങണം. നിന്റെ മാതാപിതാക്കൾ നിന്നെ ഓർത്ത് അഭിമാനിക്കണം എന്നാണ് നാനി പറയാറുള്ളത്. എന്നാൽ, എനിക്ക് മാതാപിതാക്കളോട് ഒന്നും തെളിയിക്കാനില്ല. ഞാൻ നാനിയെ കുറിച്ച് മാത്രമേ ആലോചിക്കുന്നുള്ളൂ. അവർക്ക് വേണ്ടി വലുതെന്തെങ്കിലും ചെയ്യണം എന്ന് ഞാൻ കരുതുന്നു.
അങ്ങനെ, ഒരിക്കൽ ഒരാൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഞാനെന്റെ ഡാൻസ് വീഡിയോകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് തുടങ്ങി. നിരവധി മെസ്സേജുകളും കമന്റുകളുമാണ് വന്നത്. അങ്ങനെ ഞാനൊരു യൂട്യൂബ് ചാനൽ തുടങ്ങി. ഡാൻസ് വീഡിയോ പോസ്റ്റ് ചെയ്യാൻ തുടങ്ങി, അതിൽ നിന്ന് വരുമാനം കിട്ടാനും. അതിനാൽ, ഞാനിന്ന് ഇൻഡിപെൻഡന്റായ ആളാണ്. സന്തോഷവതിയുമാണ്.




