ഇന്ന് മലയാളത്തിൽ ഏറ്റവും കൂടുതൽ വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യുന്ന നടനാണ് ഷൈൻ ടോം ചാക്കോ. ക്രിസ്റ്റഫറാണ് ഷൈനിന്റെ ഏറ്റവും പുതിയ റിലീസ്. എല്ലാ സിനിമകളുടേയും പ്രമോഷന് വേണ്ടി അഭിമുഖങ്ങൾ നൽകാൻ ഒട്ടും മടിയില്ലാത്ത താരമാണ് ഷൈൻ.
അതിനാൽ തന്നെ താരത്തിന്റെ അഭിമുഖങ്ങൾ പകർത്താനും ചാനലുകാർക്ക് താൽപര്യമാണ്. മുഖം നോക്കാതെ മറുപടി പറയുന്ന അല്ലെങ്കിൽ ഏത് വിഷയത്തിലും തന്റെ അഭിപ്രായങ്ങൾ പറയാൻ മടി കാണിക്കാത്ത അപൂർവം ചില നടന്മാരിൽ ഒരാൾ കൂടിയാണ് ഷൈൻ.
ഇപ്പോഴിത ക്രിസ്റ്റഫർ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മാതൃഭൂമി ന്യൂസിന് നൽകിയ ഷൈനിന്റെ അഭിമുഖമാണ് വൈറലാകുന്നത്. സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ചാണ് ഷൈൻ ഏറെയും സംസാരിച്ചിരിക്കുന്നത്. ജനിച്ച വീട്ടിൽ ജീവിക്കാനും മരിക്കാനുമുള്ള അവകാശം സ്ത്രീ ആദ്യം നേടിയെടുക്കണമെന്നും എന്നിട്ട് വറുത്ത മീനിന് വേണ്ടി പൊരുതാമെന്നുമാണ് ഷൈൻ ടോം ചാക്കോ പറയുന്നത്. ‘സ്ത്രീകൾ എന്തിന് ഒരു പരിചയവുമില്ലാത്ത വീട്ടിൽ പോയി ജീവിതം തുടങ്ങുന്നു.’
‘അവൾക്ക് ജനിച്ച വീട്ടിൽ ജീവിക്കാനും മരിക്കാനുമുള്ള അവകാശമില്ല. അതിന് വേണ്ടി സ്ത്രീകൾ നിങ്ങൾ ആദ്യം പൊരുതൂ. എന്നിട്ട് രാത്രി പുറത്തിറങ്ങി നടക്കുന്നതിനും രണ്ട് വറുത്ത മീനിനുമൊക്കെ വേണ്ടി പൊരുതാം. തുല്യ വസ്ത്രധാരണത്തെ കുറിച്ചോ തുല്യ സമയരീതിയെ കുറിച്ചോ അല്ല ചോദിക്കേണ്ടത്.’ ‘അവനവൻ ജനിച്ച വീട്ടിൽ ജീവിക്കാനും മരിക്കാനുമുള്ള സ്വാതന്ത്രത്തിന് വേണ്ടി ഏതേലും സ്ത്രീ പൊരുതിയിട്ടുണ്ടോ. അതിന് വേണ്ടി ആദ്യം പൊരുതണം. അപ്പോൾ നിങ്ങൾ പറയും അങ്ങനെയാണ് കുടുംബങ്ങൾ ഉണ്ടാകുന്നതെന്ന്.’
‘ഇതൊക്കയാരാണ് നിങ്ങളോട് പറഞ്ഞത്…. ഇപ്പുറത്ത് നിൽക്കുന്ന പുരുഷനല്ലേ. അപ്പോൾ അതിനെ ചോദ്യം ചെയ്യൂ ആദ്യം. പെൺകുട്ടികൾ എപ്പോഴെങ്കിലും ആൺകുട്ടികളോട് പറയുമോ നിങ്ങൾ കല്യാണം കഴിച്ച് പോയാൽ മതി ഞങ്ങൾ ഞങ്ങളുടെ കുടുംബത്ത് തന്നെ നിന്നോളാമെന്ന്.’ ‘അങ്ങനെ പറയില്ലല്ലോ?. അങ്ങനെ പറയണം അതാണ് സ്വാതന്ത്ര്യം, സമത്വം എന്നെല്ലാം പറയുന്നത്. അങ്ങനെ ആരെങ്കിലും പറയുമെന്ന് തോന്നുന്നില്ല. വീട്ടിൽ നിന്ന് രക്ഷപ്പെടാനാണ് പെൺകുട്ടികൾ നോക്കുന്നത്.’
‘തുല്യവേതനത്തിനല്ല… തുല്യ ജീവിതത്തിനാണ് ആദ്യം സമരം ചെയ്യേണ്ടത്. ഇവിടെ ആണിന് പെണ്ണും പെണ്ണിന് ആണും എന്ന രീതിയിലാണ് ദൈവം സൃഷ്ടിച്ചിട്ടുള്ളത്’ എന്നാണ് ഷൈൻ ടോം ചാക്കോ പറഞ്ഞത്. ഷൈനിന്റെ വാക്കുകൾ വൈറലായതോടെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ എത്തി. ‘ആദ്യമായി ഷൈൻ പറഞ്ഞതിന് ലൈക് അടിക്കുന്നു. സത്യമായ കാര്യം… ഒരു പെൺകുട്ടി കല്യാണം കഴിയുന്ന ദിവസം അവൾ ജനിച്ച വീട്ടിൽ അന്യയാകുന്നു. പിന്നീട് അവൾക് അവിടെ വന്ന് നിൽക്കാൻ അനുവാദം ചോദിക്കേണ്ട അവസ്ഥ ഇന്നും നിലനിൽക്കുന്നു. പല ആത്മഹത്യകൾക്കും ഒരു കാരണം അത്കൂടിയാണ്.’ ‘ഒരു നല്ല കാര്യം പറഞ്ഞു… ഭർത്താവ് കൈവിട്ടാലും ഒരു കര പറ്റും വരെ സഹായിക്കാൻ വീട്ടുകാർ ഉണ്ടാകുമെന്ന് ഒരു സ്ത്രീക്ക് ബോധ്യം വരാൻ ജനിച്ച വീട്ടിൽ മരണം വരെ എപ്പോൾ വേണമെങ്കിലും വന്ന് താമസിക്കാൻ അവകാശം കൊടുക്കുന്നത് നന്മയാണ്…., എല്ലാ ടൈമും വലിക്കാറില്ല എന്ന് തെളിയിച്ചു’ എന്നെല്ലാമാണ് ഷൈനിനെ അനുകൂലിച്ചും പ്രതികൂലിച്ചും വന്ന കമന്റുകൾ. താൻ കാര്യമുള്ള കാര്യം പറയുമ്പോൾ പലരും തന്നെ കിളിപോയി ഇരിക്കുന്നവൻ എന്ന് വിളിക്കുന്നത് താൻ ശ്രദ്ധിച്ചിട്ടുണ്ടെന്ന് മുമ്പ് ഷൈൻ പറഞ്ഞിരുന്നു.
ക്രിസ്റ്റഫറിൽ മമ്മൂട്ടിയാണ് പ്രധാന വേഷം ചെയ്തത്. ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ് എന്ന ടാഗ് ലൈനോടെ എത്തിയ ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയത് ഉദയകൃഷ്‌ണയാണ്. തെന്നിന്ത്യന്‍ താരം വിനയ് റായിയും ഒരു പ്രധാന കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നു. നായികമാരായി അമല പോള്‍, സ്‌നേഹ, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് അഭിനയിക്കുന്നത്. ശരത്ത് കുമാർ, ദിലീഷ് പോത്തന്‍, സിദ്ദിഖ്, ജിനു എബ്രഹാം, ദീപക് പറമ്പോൾ, ജസ്റ്റിൻ, കലേഷ്, അതിഥി രവി ,വിനീത കോശി, വാസന്തി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളാവുന്നത്.




