പ്രഖ്യാപനംതൊട്ടേ പ്രേക്ഷകരുടെ ശ്രദ്ധയിലുള്ള ഒരു ചിത്രമാണ് വാടിവാസല്‍. സൂര്യ നായകനായി വെട്രിമാരന്റെ സംവിധാനത്തിലുള്ള ചിത്രമാണ് വാടിവാസല്‍ എന്നതാണ് ആകര്‍ഷണം. എന്നാല്‍ സൂര്യ വാടിവാസല്‍ എന്ന ചിത്രത്തില്‍ നിന്ന് പിൻമാറി എന്ന് റിപ്പോര്‍ട്ടുണ്ട്. ഒടിടിപ്ലേയുടെ റിപ്പോര്‍ട്ട് പ്രകാരം സൂരിയെയാണ് ചിത്രത്തില്‍ നായകനായി വെട്രിമാരൻ പരിഗണിക്കുന്നത് എന്നാണ്.സമീപകാലത്ത് കോമഡിക്കു പുറമേ ഗൌരവമുള്ള കഥാപാത്രങ്ങളെയും അവതരിപ്പിച്ച് ശ്രദ്ധയാകര്‍ഷിക്കാൻ കഴിഞ്ഞ നടനാണ് സൂരി. സംവിധായകൻ വെട്രിമാരന്റേതായി ശ്രദ്ധയാകര്‍ഷിച്ച ഒരു ചിത്രമായ വിടുതലൈയിലും സൂരി പ്രധാന വേഷം അവതരിപ്പിച്ചു പ്രശംസ നേടിയിരുന്നു. അതിനാല്‍ വെട്രിമാരന്റെ വാടിവാസല്‍ എന്ന ചിത്രത്തില്‍ സൂരിയാണ് നായകനാകാൻ കൂടുതല്‍ സാധ്യത എന്നാണ് റിപ്പോര്‍ട്ട്. നടൻ സൂര്യ മറ്റ് നിരവധി സിനിമകളുടെ തിരക്കിലായതിനാലാണ് ചിത്രീകരണം നീണ്ടുപോയ വാടിവാസലില്‍ നിന്ന് പിൻമാറാൻ കാരണമെന്നുമാണ് റിപ്പോര്‍ട്ട്.
സൂര്യ നായകനായി ഇനി വരാനിരിക്കുന്ന ചിത്രം കങ്കുവയാണ്. നിര്‍മാതാക്കാളായ സ്റ്റുഡിയോ ഗ്രീനിന്റെ മുംബൈ ഓഫീസില്‍ നിന്ന് സൂര്യയുടെ കങ്കുവയുടെ കുറച്ച് ഗ്ലിംപ്‍സ് കണ്ടു എന്ന് രമേഷ് ബാല നേരത്തെ ട്വീറ്റ് ചെയ്‍തിരുന്നു. എന്തൊരു മാറ്റമാണ് സൂര്യ. ഉഗ്രൻ. പാൻ ഇന്ത്യൻ ബ്ലോക്‍ബസ്റ്റര്‍ ലോഡിംഗ്. രാജ്യത്തെ മികച്ച ഒരു സംവിധായകനായി തന്നെ സിരുത്തൈ ശിവ കൊണ്ടാടപ്പെടും. കലാസംവിധായകനായ മിലനു പുറമേ കങ്കുവ സിനിമയുടെ ഛായാഗ്രാഹകൻ വെട്രിയും മികവ് കാട്ടുന്നുവെന്നും സിനിമാ ട്രേഡ് അനലിസ്റ്റായ രമേഷ് ബാല ട്വീറ്റ് ചെയ്‍തിരുന്നു.
സൂര്യയുടെ കങ്കുവ ഒരുങ്ങുന്നത് മൂന്നൂറ് കോടി ബജറ്റിലാണ്. നായകൻ കങ്കുവ എന്ന ടൈറ്റില്‍ കഥാപാത്രമായി എത്തുന്നു. ദിഷാ പഠാണിയാണ് നായിക. നടരാജൻ സുബ്രമണ്യം ജഗപതി ബാബു, റെഡ്‍ലിൻ കിംഗ്‍സ്‍ലെ, കൊവൈ സരള, ആനന്ദരാജ, രവി രാഘവേന്ദ്ര, കെ എസ് രവികുമാര്‍ എന്നിവരും കങ്കുവയില്‍ പ്രധാന കഥാപാത്രങ്ങളായുണ്ടാകും എന്നാണ് റിപ്പോര്‍ട്ട്. ഐമാക്സ് ഫോര്‍മാറ്റിലും കങ്കുവ പ്രദര്‍ശനത്തിന് എത്തും.
