Friday, March 14, 2025
spot_img
More

    Latest Posts

    വീട്ടമ്മയെ തലയ്ക്കടിച്ച് കൊന്ന സംഭവം; ആത്മഹത്യക്ക് ശ്രമിച്ച ഭര്‍ത്താവും മരിച്ചു

    ആലപ്പുഴ: ആലപ്പുഴയില്‍ പട്ടാപ്പകല്‍ വയോധികയായ വീട്ടമ്മ തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടതിന് പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ച നിലയില്‍ കണ്ടെത്തിയ ഭര്‍ത്താവും മരിച്ചു. തിരുവമ്പാടി കല്ലുപുരയ്ക്കല്‍ വീട്ടില്‍ പൊന്നപ്പന്‍ വര്‍ഗീസാണ് (75) ഇന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ മരിച്ചത്.

    ഭാര്യ ലിസമ്മയെ (65) കൊലപ്പെടുത്തിയ ശേഷം പൊന്നപ്പന്‍ കൈ ഞരമ്പ് മുറിച്ചും, വിഷം കഴിച്ചും ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 1.30ഓടെയാണ് ഇരുവരെയും രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തിയത്. ബാങ്ക് ഉദ്യോഗസ്ഥരായ മകനും, മരുമകളും കുഞ്ഞിനെ ഡോക്ടറെ കാണിക്കാന്‍ ചേര്‍ത്തലയിലെ ആശുപത്രിയില്‍ പോയ സമയത്താണ് പൊന്നപ്പന്‍ ലിസമ്മയെ അതിക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്.പൊന്നപ്പന് പെട്ടെന്നുണ്ടായ മാനസിക വിഭ്രാന്തിയാണ് ഈ കുറ്റകൃത്യം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. കൊവിഡ് സമയത്ത് കുടുംബാംഗങ്ങളുമായി ഒറ്റപ്പെട്ട് കഴിയേണ്ടി വന്നിരുന്ന പൊന്നപ്പന്‍ പിന്നീട് മാനസികമായ ബുദ്ധിമുട്ടുകള്‍ പ്രകടിപ്പിച്ചിരുന്നു. കുറച്ചുനാള്‍ മുന്‍പ് ഭാര്യ ലിസമ്മയെ തയ്യല്‍ മെഷീന്‍ നന്നാക്കി കൊണ്ടിരുന്ന സമയം അതിന്റെ ബെല്‍റ്റ് ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊല്ലാന്‍ ശ്രമിച്ചിരുന്നു. ലിസമ്മ കുറച്ച് ദിവസമായി പനിയെ തുടര്‍ന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചികിത്സാ കാലയളവില്‍ പൊന്നപ്പനാണ് കൂട്ടിരുന്നത്. ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിയ ലിസമ്മയുടെ പരിചരണവും പൊന്നപ്പന്‍ തന്നെയാണ് ചെയ്തിരുന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

    വ്യാഴാഴ്ച്ച ഉച്ചയോടെ മാതാപിതാക്കള്‍ക്ക് മകന്‍ ഓര്‍ഡര്‍ ചെയ്ത ഉച്ചഭക്ഷണവുമായി ഡെലിവറി ബോയ് എത്തിയിട്ടും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് ഇവരുടെ ബന്ധു എത്തി അടുക്കള വാതിലിന്റെ ഗ്രില്ല് തുറന്ന് നടത്തിയ പരിശോധനയിലാണ് പൊന്നപ്പനെ ശുചിമുറിയിലും, ലിസിയെ കിടപ്പുമുറിയിലും അബോധാവസ്ഥയില്‍ കണ്ടെത്തിയത്. പൊലീസെത്തിയാണ് ഇരുവരെയും ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രിയിലെത്തിച്ചതോടെ ഡോക്ടര്‍മാര്‍ ലിസിയുടെ മരണം സ്ഥിരീകരിച്ചിരുന്നു.

    ആലപ്പുഴ മെഡിക്കല്‍ കോളേജിലെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം വിട്ട് കൊടുത്ത മൃതദേഹങ്ങള്‍ ഇന്ന് വൈകിട്ട് മൂന്നിന് വഴിച്ചേരി ലത്തീന്‍ പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചു. മകന്‍ വിനയ്.പി വര്‍ഗീസും, മരുമകള്‍ മീതുവും ഫെഡറല്‍ ബാങ്ക് ഉദ്യോഗസ്ഥരാണ്. ഫിംഗര്‍ പ്രിന്റ്, സയന്റിഫിക് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്ത് നിന്ന് തെളിവുകള്‍ ശേഖരിച്ചു. ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം തുടരുകയാണ്.

    Latest Posts

    spot_imgspot_img

    Don't Miss

    Stay in touch

    To be updated with all the latest news, offers and special announcements.