Saturday, March 15, 2025
spot_img

Latest Posts

ആദ്യമേ ‘നോ’ പറയാമായിരുന്നു; നിത്യയ്ക്കെതിരെ സന്തോഷ് വർക്കി

സന്തോഷ് വർക്കി. ‘ആറാടുകയാണ്’ എന്ന ഒറ്റ ഡയലോഗിലൂടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ വ്യക്തി. മോഹൻലാൽ ചിത്രമായ ‘ആറാട്ട്’ കണ്ട ശേഷം ഇദ്ദേഹം പറഞ്ഞ ഡയലോഗ് സോഷ്യൽ മീഡിയയിൽ തരംഗം തീർക്കുകയായിരുന്നു. വാസ്തവത്തിൽ മോഹൻലാലിൻ്റെ കടുത്ത ആരാധകൻ കൂടിയാണ് സന്തോഷ്.

സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഓൺലൈൻ ചാനലുകളിലെ പതിവുമാണ് ഇപ്പോൾ സന്തോഷ് വർക്കി. സമീപകാലത്തെ അഭിമുഖങ്ങളിൽ എല്ലാം തന്നെ മോഹൻലാലിനോടുള്ള ഇഷ്ടത്തിനൊപ്പം നടി നിത്യാ മേനനെ ഇഷ്ടമാണെന്നും കല്യാണം കഴിക്കാൻ താത്പര്യമുണ്ടെന്നും സന്തോഷ് വെളിപ്പെടുത്തിയിരുന്നു. നിത്യയെ വിവാഹം കഴിക്കാനുള്ള താത്പര്യം നിത്യയോടും കുടുംബത്തോടും നേരിട്ടുതന്നെ ഇദ്ദേഹം അറിയിച്ചിട്ടുണ്ട്. എന്നാൽ തന്റെ പ്രണയം നിത്യ മേനൻ അവഗണിച്ചെന്നാണ് സന്തോഷ് പറയുന്നത്.

ഇതിനിടെ സന്തോഷിൻ്റെ പ്രണയത്തെക്കുറിച്ചുള്ള നിത്യ മേനൻ്റെ പ്രതികരണം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയുണ്ടായി. ഇപ്പോൾ നിത്യയുടെ പ്രതികരണത്തെ രൂക്ഷമായി എതിർത്ത് കൊണ്ട് വീണ്ടും രംഗത്തുവരികയാണ് സന്തോഷ് വർക്കി. നിത്യ ആദ്യം തന്നെ ‘നോ’ പറഞ്ഞെങ്കിൽ ഇത്രയും വർഷം പിറകെ നടക്കില്ലായിരുന്നു എന്ന് സന്തോഷ് പറയുന്നു. ‘ഇനി അവരോട് പ്രണയവുമില്ല ഒന്നുമില്ല’, സന്തോഷ് അറിയിക്കുന്നു.

‘എനിക്ക് അവരോട് ആത്മാർത്ഥ പ്രണയമായിരുന്നു. കാഞ്ചന മാലയിലെ കാഞ്ചനയുടെ മെയിൽ വേർഷനാണ് ഞാൻ. അവർ എന്നെക്കുറിച്ച് പറഞ്ഞ വീഡിയോ കണ്ടപ്പോൾ തകർന്നുപോയി. ഞാൻ സൈക്കോ ആണെന്ന് അവർ വീഡിയോയിൽ പറഞ്ഞു. സൈക്കോ ആയിട്ടുള്ളവർ ഇങ്ങനെയാണോ ചെയ്യുന്നത്? ‘ഉയരെ’ എന്ന സിനിമയിൽ കാണിക്കുന്നത് പോലെ ആസിഡ് അറ്റാക്കും പിന്നെ റേപ്പും ഒക്കെ അല്ലേ സൈക്കോ ആളുകൾ ചെയ്യുന്നത്. ഞാൻ അങ്ങനെ എന്തേലും ചെയ്തിട്ടുണ്ടോ?’ സന്തോഷ് ചോദിച്ചു.

‘എനിക്ക് 30 ഓളം സിം ഉണ്ടെന്ന് അവർ പറയുന്നു. ഞാൻ ആകെ രണ്ട് തവണയാണ് അവരോട് സംസാരിച്ചിട്ടുള്ളത്. ഒരാൾക്ക് എങ്ങനെയാണ് നമ്മുടെ നാട്ടിൽ മുപ്പത് സിം എടുക്കാൻ കഴിയുന്നത്. അവരെ സ്നേഹിച്ചത് കൊണ്ട് ഒരുപാട് ബുദ്ധിമുട്ടുകൾ എനിക്ക് സഹിക്കേണ്ടി വന്നു. നിത്യയെ കാണാൻ ബാംഗ്ലൂർ വരെ പോയിട്ടുണ്ട്’.

‘പക്ഷെ അന്ന് കാണാൻ കഴിഞ്ഞില്ല. അന്ന് നിത്യയുടെ വീട്ടുകാർ എനിക്കെതിരെ കേസ് കൊടുത്തു. ഇവരുടെ പരാതിയെ തുടർന്ന് ബാംഗ്ലൂർ പൊലീസ് കമ്മീഷ്ണർ എന്നെ വിളിച്ച് 24 മണിക്കൂറിനുള്ളിൽ അവിടുന്ന് വിടണമെന്ന് പറഞ്ഞു’, സന്തോഷ് ഫിലിമിബീറ്റിനോട് പറഞ്ഞു.

‘എൻ്റെ എൺപത് വയസ്സായ പിതാവിനെ നിത്യ മേനൻ്റെ മാതാവ് പരിഹസിക്കുകയും അസഭ്യം പറയുകയും ചെയ്തിട്ടുണ്ട്. നാല് മാസം മുമ്പ് അച്ഛൻ മരിച്ചു. അദ്ദേഹത്തിൻ്റെ മരണശേഷം അവരോടുള്ള ഇഷ്ടം ഒക്കെ മാറ്റിവെച്ച് ആ ചാപ്റ്റർ ക്ലോസ് ചെയ്തതാണ്. ഇപ്പോൾ ഈ വിഷയം എടുത്തിട്ട് എന്നെ നാണംകെടുത്തേണ്ട കാര്യം ഇല്ലായിരുന്നു. സോഷ്യൽ മീഡിയയിൽ എനിക്കെതിരെയാണ് എല്ലാവരും സംസാരിക്കുന്നത്. ഇനി അവരോട് പ്രണയവും ഇല്ല ഒന്നുമില്ല. അമ്മക്ക് വേണ്ടിയാണ് ഇനി ജീവിക്കുന്നത്’, സന്തോഷ് വ്യക്തമാക്കി.

‘എന്നെ അവർക്കും അവരുടെ വീട്ടുകാർക്കും അറിയാം. ഒഴിഞ്ഞ് മാറുന്നതിന് പകരം ആദ്യമേ താത്പര്യമില്ലെന്ന് പറഞ്ഞെങ്കിൽ ഇത്രയും നാൾ കാത്തിരിക്കില്ലായിരുന്നു. അവരുടെ ഇൻ്റർവ്യു കണ്ടിട്ടാണ് ഞാൻ ഇഷ്ടപ്പെട്ടത്. നിത്യ മേനനെ മറ്റു ചില ആരാധകർ കാണുന്നത് പോലെ ഇതുവരെ മറ്റൊരു രീതിയിൽ ഞാൻ കണ്ടിട്ടില്ല’.

‘എൻ്റേത് ആത്മാർത്ഥമായ സ്നേഹമായിരുന്നു, എന്നെ ഒരു സുഹൃത്തായോ സഹോദരനായോ കാണാൻ പോലും അവർ തയ്യാറായില്ല. എന്നെപ്പോലൊരു ആളെ അവർക്ക് കിട്ടാൻ യോഗമില്ലെന്ന് മുമ്പൊരിക്കൽ ഒരു സുഹൃത്ത് പറഞ്ഞത് ഇപ്പോൾ ഓർക്കുന്നു’, സന്തോഷ് കൂട്ടിച്ചേർത്തു.

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.