മലയാളത്തിലെ ചില യുവ താരങ്ങൾക്കെതിരെ ഗുരുതര ആരോപണങ്ങളാണ് നിരന്തരമായി സിനിമാ മേഖലയിൽ നിന്നും ഉയരുന്നത്. ലഹരി മരുന്നിന്റെ ഉപയോഗം, സംവിധായകന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തിൽ കൈടത്തൽ, ഷൂട്ടിങിന് കൃത്യസമയത്ത് വരാതിരിക്കുക തുടങ്ങി നിരവധി ആരോപണങ്ങൾ ഷെയ്ൻ നിഗം, ശ്രീനാഥ് ഭാസി തുടങ്ങിയ താരങ്ങൾക്കെതിരെ വരുന്നുണ്ട്.
ഇരുവർക്കും ഇപ്പോൾ സിനിമയിൽ വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ശ്രീനാഥ് ഭാസിയേക്കാളും ഷെയ്ൻ നിഗത്തേക്കാളും വലിയ കുറ്റങ്ങൾ ചെയ്തിട്ടുണ്ട് നടൻ ആന്റണി പെപ്പെ എന്നാണ് സംവിധായകൻ ജൂഡ് ആന്തണി പറയുന്നത്.
പലർക്കും അത് അറിയില്ലെന്നും മൂവി വേൾഡ് മീഡിയ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ജൂഡ് പറഞ്ഞു. ‘എനിക്ക് ഒരുപാട് വിഷമുണ്ടായ സന്ദർഭമുണ്ട്. ഞാൻ ആരേയും കുറ്റം പറയുന്നതല്ല. പക്ഷെ വന്ന വഴി മറക്കുക, നന്ദി ഇല്ലാതെ ഇരിക്കുക എന്നത് വളരെ മോശമാണ്. ഇപ്പോൾ തന്നെ ഷെയ്ൻ നിഗം, ശ്രീനാഥ് ഭാസി എന്നിവർക്കെതിരെ വരുന്ന ഏറ്റവും വലിയ കുറ്റം കഞ്ചാവ് അടിച്ചു, ലഹരി മരുന്നിന് അടിമയാണ് എന്നൊക്കെയാണ്.’
ഇതൊന്നും അല്ലാതെ പച്ചക്ക് സാധാരണ മനുഷ്യനായി ഒരുത്തനുണ്ട് ആന്റണി പെപ്പെ. അയാൾ ഭയങ്കര സംഭവമായിട്ട് നല്ലവനെന്ന് വിചാരിച്ചിരിക്കുകയാണ് ആളുകൾ. ഞാൻ പ്രൊഡ്യൂസ് ചെയ്യാനിരുന്ന ഒരു സിനിമയുണ്ട്. എന്റെ കൈയ്യിൽ കാശുണ്ടായിട്ടല്ല.’ ‘എന്റെ പടം ചെയ്യാൻ വന്ന പ്രൊഡ്യൂസറുടെ അടുത്ത് നിന്ന് പത്ത് ലക്ഷം രൂപ ആന്റണി പെപ്പെ അഡ്വാൻസ് വാങ്ങി അവന്റെ പെങ്ങളുടെ കല്യാണം നടത്തി. എന്നിട്ട് പതിനെട്ട് ദിവസം മുമ്പ് ആ സിനിമയിൽ നിന്നും പിന്മാറിയ ഒരുത്തനാണ് അവൻ. ഞാൻ ഇതേ കുറിച്ച് മിണ്ടാതിരുന്നതിന് കാരണം എന്റെ അസോസിയേറ്റാണ് ആ സിനിമ ചെയ്തത്.
‘അന് ചീത്തപ്പേര് വരാതിരിക്കാനാണ് ഞാൻ മിണ്ടാതിരുന്നത്. കഞ്ചാവ്, ലഹരി ഒന്നുമല്ല വിഷയം മനുഷത്വമാണ്. ആന്റണി പെപ്പെയെന്ന് പറയുന്നത് സാധാരണക്കാരനാണ്. എന്റെ വീടിനടുത്ത് ഉള്ള അങ്കമാലിയിലുള്ള ഒരുത്തനാണ്. അവൻ കാണിച്ച വൃത്തിക്കേട് ഒന്നും ഞാൻ ഇതുവരെ പറഞ്ഞിട്ടില്ല. മനുഷത്വം വേണം. ആ പ്രൊഡ്യൂസർ എന്റെ അടുത്ത് വന്ന് കരഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വൈഫ് വന്ന് കരഞ്ഞിട്ടുണ്ട്.’ ‘ലഹരിയും കഞ്ചാവും വേറെയാണ് നല്ല സ്വഭാവമാണ് ആദ്യം വേണ്ടത്. ഈ വൃത്തികേടെല്ലാം കാണിച്ചിട്ട് പിന്നെ അവൻ ആരവം എന്നൊരു സിനിമ ചെയ്തു. ആർഡിഎക്സ് ചെയ്യുന്ന സംവിധായകന്റെ ആദ്യത്തെ പടം ആരവം ആയിരുന്നു. ഷൂട്ട് ചെയ്ത ആ സിനിമ വേണ്ടെന്ന് വെച്ചു. കാരണം ശാപമാണ്. എന്റെ പ്രൊഡ്യൂസർ മുടക്കിയ കാശ് അവൻ തിരിച്ച് തന്നു എത്രയോ കാലം കഴിഞ്ഞിട്ട്.’
അത്രമെനകെട്ട ഒരുപാട് ആളുകൾ ഇൻഡസ്ട്രിയിൽ വന്നിട്ടുണ്ട്. അവനൊന്നും യോഗ്യതയില്ല. പെല്ലിശ്ശേരി ഇല്ലെങ്കിൽ ഈ പെപ്പെയെന്ന് പറഞ്ഞവന് ജീവിക്കാനുള്ള വകുപ്പ് പോലും കൊടുക്കേണ്ട ആവശ്യമില്ല. സിനിമയോട് ഒരു മര്യാദ കാണിക്കണം. എല്ലാവരും ഷെയ്ൻ, ശ്രീനാഥ് ഭാസി എന്നിവരുടെ പേരിലാണ് കുറ്റം പറയുന്നത്. എന്നാൽ യഥാർഥ നായകൻ ഒളിച്ച് നിൽക്കുകയാണ്. ഉടായിപ്പിന്റെ ഉസ്താദ് ആണ് ആന്റണി പെപ്പെ’ ജൂഡ് ആന്തണി പറഞ്ഞു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ എത്തിയ ഹിറ്റ് ചിത്രം അങ്കമാലി ഡയറീസിൽ നായകനായി കൊണ്ട് സിനിമാ ജീവിതം ആരംഭിച്ചതാണ് ആന്റണി പെപ്പെ. ആന്റണി വർഗീസ് എന്നാണ് യഥാർഥ പേര്. ജല്ലിക്കെട്ടിലും നായകൻ പെപ്പെയായിരുന്നു. ജൂഡ് ആന്റണിയുടെ സംവിധാനത്തിൽ തിയേറ്ററുകളിലെത്തിയ ഏറ്റവും പുതിയ സിനിമ 2018 ഹിറ്റായി ഓടികൊണ്ടിരിക്കുകയാണ്.
