കോമഡി റോളുകളിലൂടെ ശ്രദ്ധേയനായ സാജു നവോദയ ( പാഷാണം ഷാജി) മുഖ്യകഥാപാത്രമായെത്തുന്ന സിനിമയാണ് പോത്തും തല. അനിൽ കാരക്കുളം രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം വല്യപ്പൻ ക്രിയേഷൻസിന്റെ ബാനറിൽ ഷാജു വാലപ്പനാണ് നിർമ്മിക്കുന്നത്. ഹാസ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച താൻ ഗൗരവുമുള്ള ഔരു കഥാപാത്രമായാണ് ഈ സിനിമയിൽ എത്തുന്നതെന്നാണ് സാജു നവോദയ പറയുന്നത്.
ഈ സിനിമയെക്കുറിച്ചും ഇതുവരെയുള്ള സിനിമാ അനുഭവങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് സാജു നവോദയ ഇപ്പോൾ. മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ താരങ്ങളിൽ നിന്നെല്ലാം തനിക്ക് പരിപൂർണ പിന്തുണയാണ് ഇതുവരെ ലഭിച്ചതെന്ന് സാജു നവോദയ പറയുന്നു. ഇന്ത്യാഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിലാണ് ഇദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.
‘മമ്മൂട്ടി, മോഹൻലാൽ, ദിലീപ് തുടങ്ങി എല്ലാവരും നല്ല പിന്തുണയാണ് നൽകിയത്. പത്തേമാരി എന്ന സിനിമയിൽ മമ്മൂക്കയോടൊപ്പം അഭിനയിച്ചു. അതിന് മുമ്പ് മമ്മൂക്കയെ നേരിൽ കണ്ടിട്ട് പോലുമില്ല. പിന്നെ കുറേ നാളുകൾക്ക് ശേഷമാണ് ഭാസ്കർ ദ റാസ്കൽ ഷൂട്ട് നടക്കുന്നത്’
‘സിദ്ദിഖ് സാർ മമ്മൂക്ക വന്നപ്പോൾ എല്ലാവരെയും പരിചയപ്പെടുത്തി അപ്പോൾ ഞാനും കാെല്ലം സുധിയും മാറി നിൽക്കുകയായിരുന്നു. ഇത് ഷാജു നവോദയ എന്ന് പറഞ്ഞ് എന്നെ പരിയപ്പെടുത്തി. എനിക്കറിയാം ഞാൻ പുള്ളിയോട് കൂടെ അഭിനയിച്ചിട്ടുണ്ട്. പുള്ളി മറന്നു പോയതായിരിക്കാം എന്ന് മമ്മൂക്ക പറഞ്ഞു. അത്രയും എല്ലാവരെയും ഒബ്സർവ് ചെയ്യുന്ന ആളാണ് മമ്മൂക്ക. പിന്നെ ലാലേട്ടൻ സ്കിറ്റ് കളിക്കുന്ന സമയത്ത് വിളിച്ചിട്ട് നന്നായിട്ടുണ്ട് എന്ന് പറഞ്ഞിട്ടുണ്ട്’
മുൻ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുമായുള്ള രൂപസാദൃശ്യത്തിന്റെ പേരിൽ വന്ന ട്രോളുകളെക്കുറിച്ചും സാജു നവോദയ സംസാരിച്ചു. ‘ആ സമയത്തൊക്കെ ഭയങ്കര ട്രോൾ ആയിരുന്നു. ഡിജിപി ലോക്നാഥ് ബെഹറയെന്ന് പറഞ്ഞാൽ എനിക്കറിയില്ലായിരുന്നു. ഞാൻ സോഷ്യൽ മീഡിയയിൽ അത്ര ആക്ടീവ് അല്ലായിരുന്നു. ഇൻസ്റ്റഗ്രാമെടുത്തിട്ട് രണ്ട് വർഷമായതേ ഉളളൂ. അപ്പോഴും അങ്ങനെ ഉപയോഗിക്കില്ലായിരുന്നു. അതുകൊണ്ട് എനിക്കറിയില്ലായിരുന്നു. പലരും പറഞ്ഞ് പറഞ്ഞാണ് ഞാനിതൊക്കെ നോക്കുന്നത്,’ സാജു നവോദയ പറഞ്ഞു.
‘ഒരു ചാനലിന് വേണ്ടി സാറിനെ രണ്ട് മണിക്കൂറോളം ഇന്റർവ്യൂ ചെയ്തിട്ടുണ്ട്. ഇന്റർവ്യൂമായി ബന്ധപ്പെട്ടതല്ലാതെ കുറേക്കാര്യങ്ങൾ അദ്ദേഹം എന്നോട് പറഞ്ഞു. ജോലിയുമായി ബന്ധപ്പെട്ട് കുറേക്കാര്യങ്ങൾ സംസാരിച്ചു. അപ്പോൾ കുറേക്കൂടി ബഹുമാനം കൂടി. കാരണം അത്രയും നല്ല മനുഷ്യനാണ്. വലിയ ക്രിമിനലിനെയൊക്കെ നന്നാക്കാൻ വീട്ടിൽ കൊണ്ട് പോയി നിർത്തിയിട്ടുണ്ട്’
‘എന്റെ ഫാമിലിയെ അദ്ദേഹത്തിനറിയാം. ആൾക്കൂട്ടത്തിൽ കണ്ടാലും എന്നെ തിരിച്ചറിയും. ട്രോളൻമാർ എഴുതി വിടുന്നത് പലപ്പോഴും സിനിമയിൽ പോലും കേൾക്കാത്ത ഹ്യൂമറുകളാണ്. അത് ആ സ്പിരിറ്റിലേ എടുക്കാറുള്ളൂ. പിന്നെ ബെഹ്റ സാറിന്റെ അപരനല്ല ഞാൻ. എന്റെ അപരൻ സാറാണ്. കാരണം ഞാനതിന് മുമ്പ് വന്നതാണ്,’ സാജു നവോദയ ചിരിച്ചു കൊണ്ട് പറഞ്ഞു.
ബിഗ് ബോസിന്റെ മുൻ സീസണിൽ മത്സരാർത്ഥിയായി വന്നതിനെക്കുറിച്ചും സാജു സംസാരിച്ചു. ‘ഞാൻ പോവുന്നതിന് മുമ്പ് ബിഗ് ബോസ് കണ്ടിട്ടില്ല. ഞാൻ പോയ ബിഗ് ബോസ് കണ്ടിട്ടില്ല. കഴിഞ്ഞ ബിഗ് ബോസോ മണിക്കുട്ടൻ വിന്നറായ ബിഗ് ബോസോ ഞാൻ കണ്ടിട്ടില്ല’
‘സീസൺ വണ്ണിന്റെ ഗ്രാൻഡ് ഫിനാലെയ്ക്ക് സ്കിറ്റ് കളിക്കാൻ ബോംബെയിൽ ചെന്നതാണ്. അവിടെ വെച്ച് ഇതെല്ലാം കണ്ടപ്പോൾ അടുത്ത പ്രാവിശ്യമുണ്ടെങ്കിൽ എന്നെയും വിളിച്ചോ, ഞാനും വരാം എന്ന് പറഞ്ഞു. വന്നുകഴിഞ്ഞപ്പോഴാണ് എന്താണെന്ന് മനസ്സിലായത്,’ സാജു നവോദയ പറഞ്ഞു.
