തെന്നിന്ത്യൻ സിനിമകളിലെ താര റാണി ആണ് അനുഷ്ക ഷെട്ടി. സ്ക്രീൻ പ്രസൻസിൽ അനുഷ്കയെ വെല്ലുന്ന ഒരു നടി തെന്നിന്ത്യയിൽ ഇല്ലെന്ന് ആരാധകർ പറയുന്നു. ബാഹുബലിക്ക് ശേഷം കരിയർ ഗ്രാഫ് കുത്തനെ ഉയർന്നെങ്കിലും സിനിമയുടെ പ്രശസ്തിയിൽ മതിമറക്കാൻ അനുഷ്ക തയ്യാറായില്ല. ബാഹുബലിയിൽ ഒപ്പം അഭിനയിച്ച എല്ലാവരും തുടരെ സിനിമകൾ ചെയ്തെങ്കിലും അനുഷ്ക ഇതിന് തയ്യാറായില്ല.
പാളിപ്പോവാൻ സാധ്യതയില്ലാത്ത തിരക്കഥകൾക്കായി അനുഷ്ക കാത്തിരുന്നു. വർഷത്തിൽ ഒരു പടം മാത്രമേ പലപ്പോഴും റിലീസ് ആവാറുമുള്ളൂ. തെലുങ്ക് സിനിമയുടെ സ്വഭാവ രീതികൾ മനസ്സിലാക്കിയതിനാലാണ് അനുഷ്ക ഇക്കാര്യത്തിൽ ശ്രദ്ധ പുലർത്തുന്നതെന്നാണ് വിവരം.
നായകൻമാർ സൂപ്പർ സ്റ്റാറുകളായി തുടരുമെങ്കിലും ലേഡി സൂപ്പർ സ്റ്റാർ പട്ടത്തിന് തെലുങ്കിൽ ആയുസ് കുറവാണെന്ന് അനുഷ്ക തിരിച്ചറിയുന്നു. അതിനാൽ തന്നെ വളരെ സൂക്ഷിച്ചാണ് ഒരോ സിനിമയും ചെയ്യുന്നത്. സൂപ്പർ സ്റ്റാർ ലേബലിൽ വരുന്ന സിനിമകളോട് നടി മുഖം തിരിക്കുകയും ചെയ്യുന്നു. സിനിമകളിൽ സജീവമല്ലാതിരുന്നിട്ടും അനുഷ്കയുടെ ഫാൻ ബേസ് അമ്പരപ്പിക്കുന്നതാണ്. തെലുങ്കിൽ ഒരു സ്ത്രീ കേന്ദ്രീകൃത സിനിമയ്ക്ക് ബോക്സ് ഓഫീസ് മൂല്യം ഉറപ്പ് നൽകാൻ കഴിയുന്ന അപൂർവം നായികമാരിൽ ഒരാളുമാണ് അനുഷ്ക.
കരിയറിനൊപ്പം തന്നെ അനുഷ്കയുടെ വ്യക്തി ജീവിതവും എപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. അനുഷ്കയുടെ പ്രണയം എപ്പോഴും ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിക്കാറുണ്ട്. നടൻ പ്രഭാസുമായി ചേർത്താണ് അനുഷ്കയ്ക്ക് എല്ലായ്പ്പോഴും ഗോസിപ്പുകൾ വന്നത്. ഓൺസ്ക്രീനിലെ ഹിറ്റ് ജോഡി ആണ് അനുഷ്കയും പ്രഭാസും. ബാഹുബലിക്ക് ശേഷമാണ് ഈ ഗോസിപ്പിന് ആക്കം കൂടിയത്.
അതിന് മുമ്പ് മിർച്ചി, ബില്ല തുടങ്ങിയ സിനിമകളിൽ പ്രഭാസും അനുഷ്കയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. പ്രഭാസുമായി അനുഷ്ക വിവാഹം കഴിക്കാൻ പോവുകയാണെന്ന് നേരത്തെ പല തവണ അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ താരങ്ങൾ തന്നെ ഇക്കാര്യത്തിൽ വ്യക്തത വരുത്തി. തങ്ങൾ സുഹൃത്തുക്കൾ മാത്രമാണെന്നും പ്രണയം ഇല്ലെന്നും പ്രഭാസും അനുഷ്കയും പറഞ്ഞു.
ഈ ഗോസിപ്പുകൾ അടങ്ങിയ ശേഷം പ്രഭാസും കൃതി സനോനും പ്രണയത്തിലാണെന്ന ഗോസിപ്പുകൾ പരന്നു. കഴിഞ്ഞ ദിവസമാണ് ഇരുവരും വിവാഹത്തിലേക്ക് കടക്കുന്നു എന്ന റിപ്പോർട്ട് പരന്നത്. എന്നാൽ ഇത് സത്യമല്ലെന്ന് വ്യക്തമാക്കി കൃതി സനോനും രംഗത്തെത്തി. അതേസമയം താരങ്ങൾ പ്രണയത്തിലാണെന്നും ഇത് മറച്ച് വെക്കുകയാണെന്നും ഗോസിപ്പുകളുണ്ട്. ഇതിനിടെ സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ അതൃപ്തി പരസ്യമാക്കിയിരിക്കുകയാണ് അനുഷ്ക ഷെട്ടിയുടെ ആരാധകർ. തങ്ങളുടെ പ്രിയ നടി ഇങ്ങനെ സിംഗിൾ ആയി തുടരുന്നത് വിഷമിപ്പിക്കുന്നു എന്നാണ് അനുഷ്കയുടെ ആരാധകർ പറയുന്നത്.
പ്രായം 40 ആയി, കാമുകനെന്ന് പറഞ്ഞ് ആരാധകർ ആഘോഷിച്ച പ്രഭാസിന് കാമുകിമാരൊഴിഞ്ഞ സമയവും ഇല്ല, ഇനിയെങ്കിലും പുതു ജീവിതത്തിലേക്ക് കടന്ന് കൂടെ എന്നൊക്കെയാണ് ആരാധകരുടെ ചോദ്യം. നായികമാരെ ഏറ്റവും കൂടുതൽ ആരാധിക്കുന്ന സിനിമാ മേഖല ആയാണ് തെലുങ്ക് സിനിമാ രംഗം അറിയപ്പെടുന്നത്. തെലുങ്കിൽ നിന്ന് ലഭിക്കുന്ന ബഹുമാനവും ആരാധനയും മറ്റൊരു സ്ഥലത്ത് നിന്നും ലഭിച്ചിട്ടില്ലെന്ന് നേരത്തെ പല നടിമാരും വ്യക്തമാക്കിയിട്ടുണ്ട്.
