മാനസിക സംഘര്‍ഷങ്ങളില്‍ പെട്ട് ഉഴലുന്ന ചില കഥാപാത്രങ്ങളുള്ള തീവ്രാഖ്യാനങ്ങളിലൂടെയാണ് ജോജു ജോര്‍ജ് തന്നിലെ നടനെ പ്രേക്ഷകര്‍ക്ക് മുന്നില്‍ അടയാളപ്പെടുത്തിയത്. അദ്ദേഹം നായകനായ ഏറ്റവും പുതിയ ചിത്രം പുലിമടയിലും ജോജുവിലെ നടനെ ഇഷ്ടപ്പെടുന്നവര്‍ക്ക് ആവോളമുണ്ട് കാണാന്‍. തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളില്‍ ഏറെക്കാലത്തെ അനുഭവപരിചയമുള്ള എ കെ സാജന്‍ ആണ് പുലിമടയുടെ രചനയും സംവിധാനവും എഡിറ്റിംഗും.
ലളിതമായ കഥയും എന്നാല്‍ അത്ര ലാളിത്യമില്ലാത്ത ഒരു കഥാപാത്രവും- പുലിമടയെ ചുരുക്കം വാക്കുകളില്‍ ഇങ്ങനെ വിശേഷിപ്പിക്കാം. വിന്‍സെന്‍റ് എന്ന സിവില്‍ പൊലീസ് ഓഫീസറെയാണ് ജോജു അവതരിപ്പിക്കുന്നത്. മനോരോഗമുള്ള അമ്മയടക്കം സംഘര്‍ഷഭരിതമായി കടന്നുപോയ ഒരു ബാല്യത്തിന്‍റെ ഓര്‍മ്മകളില്‍ നിന്ന് നാല്‍പതിലെത്തിയിട്ടും മുക്തി നേടാന്‍ ആയിട്ടില്ല അയാള്‍ക്ക്. തന്‍റെ സ്വസ്ഥതയെ കെടുത്തുന്ന എന്തോ ഒന്ന് ജീനുകളിലൂടെ എത്തുമോ എന്ന ഒരു ഭയവും അയാള്‍ക്കുണ്ട്. നാല്‍പതിലെത്തിയിട്ടും അവിവാഹിതനായി തുടരേണ്ടിവരുന്നതിന്‍റെ അസംതൃപ്തി പേറുന്ന അയാള്‍ പാരമ്പര്യ സ്വത്തായി കിട്ടിയ ഒരു മലമ്പ്രദേശത്താണ് താമസം. അങ്ങനെ കാത്തുകാത്തിരുന്ന് സംഭവിക്കുന്ന വിന്‍സെന്‍റിന്‍റെ വിവാഹത്തിന്‍റെ മേളത്തിലാണ് ചിത്രത്തിന്‍റെ ആരംഭം. എന്നാല്‍ പല വിവാഹങ്ങളും മുടങ്ങിപ്പോയതുപോലെ ഇത്തവണയും സംഭവിക്കുകയാണ്. നാട്ടുകാരുടെയും വീട്ടുകാരുടെയും മുന്നില്‍ ഒരിക്കല്‍ക്കൂടി പരിഹാസ്യനാവുന്നതിന്‍റെ ആത്മസംഘര്‍ഷം അനുഭവിക്കുന്ന വിന്‍സെന്‍റിനൊപ്പം ചില വ്യത്യസ്താനുഭവങ്ങളിലേക്ക് പ്രേക്ഷകരെയും ക്ഷണിക്കുകയാണ് പിന്നീടുള്ള ഒന്നര മണിക്കൂര്‍ എ കെ സാജന്‍.
