തല്ലുമാല എന്ന ചിത്രത്തിലൂടെ വീണ്ടും മലയാള പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുകയാണ് കല്യാണി പ്രിയദര്‍ശന്‍. ഹൃദയം, ബ്രോ ഡാഡി, തുടങ്ങിയ സിനിമകളുണ്ടാക്കിയ ഓളം കല്യാണിയുടെ പുതിയ സിനിമയെ കുറിച്ചുള്ള പ്രതീക്ഷകള്‍ വര്‍ധിപ്പിച്ചു. അതേ സമയം പുതിയ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നിരവധി അഭിമുഖങ്ങളിലാണ് നടി പങ്കെടുത്ത് കൊണ്ടിരിക്കുന്നത്.
ചക്കപ്പഴം ടെലിവിഷന്‍ പരമ്പരയിലൂടെ ശ്രദ്ധേയായ നടി ശ്രുതി രജനികാന്തിനൊപ്പവും കല്യാണി അഭിമുഖത്തില്‍ പങ്കെടുത്തു. അവതാരകയുടെ രസകരമായ ചോദ്യങ്ങള്‍ക്ക് അതുപോലെയുള്ള ഉത്തരങ്ങളാണ് കല്യാണി നല്‍കിയത്. അതേ സമയം താരപുത്രിയായി ജനിച്ചതോടെ സിനിമാ ജീവിതം എളുപ്പമായിരുന്നോ എന്നും അവതാരക ചോദിച്ചു.
എന്നാല്‍ ഞാന്‍ എല്ലായിപ്പോഴും സ്വതന്ത്ര വ്യക്തിയായിട്ടാണ് വളര്‍ന്നതെന്നാണ് കല്യാണി പറയുന്നത്. എന്നിരുന്നാലും എന്റെ പേരിനൊപ്പം എപ്പോഴും പിതാവിന്റെ പേര് കൂടിയുണ്ടാവും. ആ കാര്യത്തില്‍ ഞാനൊരിക്കലും സ്വതന്ത്രയല്ല. എന്തെങ്കിലും തീരുമാനം എടുക്കണമെങ്കില്‍ എനിക്ക് സ്വന്തമായി എടുക്കാം. എനിക്ക് സ്വന്തമായി വേറെ ഏതെങ്കിലും രാജ്യത്ത് ജീവിക്കണമെങ്കില്‍ ജീവിക്കാം, അങ്ങനെ എന്റെ കാര്യങ്ങളെല്ലാം സ്വന്തമായിട്ടാണ് തീരുമാനിക്കുന്നത്. അതിലൊന്നും ആരും ഇടപെടാറില്ല.
താരപിതാവിന്റെ ലേബബില്‍ അല്ലേ സിനിമയിലേക്ക് വരുന്നതെന്ന ചോദ്യത്തിന് മറുപടിയൊന്നും പറയാനില്ലെന്നാണ് കല്യാണി പറഞ്ഞത്. ഇത്തരം ചോദ്യങ്ങളൊന്നും ഞാനെവിടെയും കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ അതിലൊന്നും മറുപടി പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും കല്യാണി സൂചിപ്പിച്ചു.
സിനിമയിലെ അടുത്ത സുഹൃത്തുക്കളെ കുറിച്ച് ചോദിക്കുകയാണെങ്കില്‍ അത് ദുല്‍ഖര്‍ സല്‍മാനാണ്. എനിക്ക് ഒത്തിരി സുഹൃത്തുക്കളുണ്ട്. അവരെല്ലാവരുമായി നല്ല അടുപ്പത്തിലാണ്. എന്നാല്‍ സിനിമയില്‍ നിന്നുള്ള ആരെയെങ്കിലും കുറിച്ച് പറയുകയാണെങ്കില്‍ അത് ദുല്‍ഖറാണ്. എന്ത് കാര്യത്തിനും ആദ്യം വിളിക്കുന്നത് അദ്ദേഹത്തെയാണെന്നും കല്യാണി സൂചിപ്പിച്ചു.
വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് കല്യാണി മലയാളത്തിലേക്ക് എത്തുന്നത്. ദുല്‍ഖര്‍ സല്‍മാനാണ് ഈ സിനിമയില്‍ നായകനായി അഭിനയിച്ചത്. സിനിമയുടെ ലൊക്കേഷനില്‍ നിന്നുമാണ് ഇരുവരും നല്ല സൗഹൃദത്തിലേക്ക് എത്തുന്നത്. അതേ സമയം പ്രണവ് മോഹന്‍ലാലുമായി ചെറിയ പ്രായത്തിലെ ഒരുമിച്ച് കളിച്ച് വളര്‍ന്നതാണ് കല്യാണി. മുന്‍പും പ്രണവിനെ കുറിച്ച് നടി അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്.
