
സോഷ്യൽ മീഡിയയിൽ ഇന്നലെ ആഘോഷത്തിന് വഴിയൊരുക്കിയ വിഷയമായിരുന്നു കത്രീന കൈഫിന്റെ പിറന്നാൾ. ഭർത്താവ് വിക്കി കൗശലിനും സുഹൃത്തുക്കൾക്കുമൊപ്പം മാലി ദ്വീപിൽ വെച്ചാണ് ആഘോഷം നടന്നത്. വിക്കി കൗശലിന്റെ സഹോദരൻ സണ്ണി കൗശൽ, കത്രീനയുടെ സഹോദരൻ സെബാസ്റ്റ്യൻ ലോറന്റ് മൈക്കൽ, സഹോദരി ഇസബെല്ല, നടി ഇല്യാന ഡി ക്രൂസ്, മറ്റ് സുഹൃത്തുക്കൾ എന്നിവരായിരുന്നു മാലി ദ്വീപിൽ വിക്കിക്കും കത്രീനയ്ക്കുമൊപ്പം ഉണ്ടായിരുന്നത്.
ഇതിൽ നടി ഇല്യാന ഡിക്രൂസിന്റെ സാന്നിധ്യമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോഴത്തെ ചർച്ചാ വിഷയം. ഇല്യാന കത്രീനയുടെയോ വിക്കിയുടെയോ അടുത്ത സുഹൃത്തല്ല. പിന്നെ എങ്ങനെ താരം ഇവരോടൊപ്പം എത്തി എന്നായിരുന്നു ഉയർന്നു വന്ന ചോദ്യം. ഈ ചോദ്യത്തിനുത്തരം തേടിപ്പോയ ബി ടൗൺ മാധ്യമങ്ങൾ പുതിയൊരു വാർത്തയുമായാണ് എത്തിയിരിക്കുന്നത്.
കത്രീനയുടെ സഹോദരൻ സെബാസ്റ്റ്യനുമായി പ്രണയത്തിലാണ് ഇല്യാന. ആറു മാസത്തോളമായി ഇവർ ഡേറ്റിംഗിലാണത്രെ. ബാന്ദ്രയിലെ കത്രീനയുടെ വസതിയിലും ഇല്യാനയുടെ വസതിയിലും ഇരുവരെയും ഒരുമിച്ച് കാണാറുണ്ടെന്നാണ് റിപ്പോർട്ടുകൾ. സെബാസ്റ്റ്യന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് പ്രൈവറ്റ് ആണ്. ഇല്യാന ഇത് ഫോളോ ചെയ്യുന്നുണ്ട്. സെബാസ്റ്റ്യൻ തിരിച്ചും ഫോളോ ചെയ്യുന്നുണ്ട്.
കത്രീനയുടെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ ഇല്യാന ഇൻസ്റ്റഗ്രാൽ പങ്കുവെച്ചിട്ടുണ്ട്. നേരത്തെ ഫോട്ടോഗ്രാഫർ ആൻഡ്ര്യൂ നീബോണുമായി പ്രണയത്തിലായിരുന്നു ഇല്യാന. വർഷങ്ങൾ നീണ്ട ഈ ബന്ധത്തിൽ നിന്ന് പിന്നീട് ഇരുവരും വേർപിരിയുകയായിരുന്നു.
ഇതിനു ശേഷം കുറച്ചു നാളുകളായി സിംഗിൾ ലൈഫ് ആഘോഷിക്കുകയായിരുന്നു ഇല്യാന. ലോക്ഡൗണിനു ശേഷം യാത്രകൾ തുടങ്ങിയ ഇല്യാന ഈ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ടായിരുന്നു.



