വളരെ കുറച്ചു സിനിമകൾ മാത്രം ചെയ്തിട്ടുള്ളുവെങ്കിലും യുവനടിമാരിൽ ഏറെ ശ്രദ്ധനേടിയ താരമാണ് അൻസിബ ഹസൻ. നടിയായി അല്ലാതെ അവതാരകയായും അൻസിബ തിളങ്ങിയിട്ടുണ്ട്. 2008ൽ പുറത്തിറങ്ങിയ ഇന്നത്തെ ചിന്താ വിഷയം എന്ന ചിത്രത്തിൽ ഒരു സ്‌കൂൾ കുട്ടിയായ വേഷമിട്ടായിരുന്നു അൻസിബയുടെ സിനിമാ അരങ്ങേറ്റം. 2010 മുതൽ അൻസിബ തമിഴ് സിനിമകളുടെയും ഭാഗമായി തുടങ്ങി.
2013ൽ ജിത്തു ജോസഫ് – മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ ‘ദൃശ്യം’ സിനിമയിലൂടെയാണ് അൻസിബ എന്ന നടിയെ മലയാളം ശ്രദ്ധിച്ച് തുടങ്ങുന്നത്. മോഹൻലാലിന്റെ മൂത്തമകളായിട്ടായിരുന്നു അൻസിബ ഹസൻ ദൃശ്യത്തിൽ എത്തിയത്. ചിത്രം അൻസിബയുടെ കരിയറിൽ തന്നെ വഴിത്തിരിവായി. ദൃശ്യത്തിന് ശേഷം വിശ്വാസം അതല്ലേ എല്ലാം, പരീത് പണ്ടാരി തുടങ്ങിയ സിനിമകളിലും ഹൻസിബയെ തേടിയെത്തി.
സിബിഐ 5 ദി ബ്രെയിനാണ് അൻസിബയുടെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. മോഹൻലാലിനൊപ്പം ദൃശ്യത്തിന്റെ രണ്ടു പതിപ്പിലും എത്തിയ അൻസിബയുടെ മമ്മൂട്ടിക്കൊപ്പമുള്ള ആദ്യ ചിത്രമായിരുന്നു സിബിഐ 5. സിബിഐ ഉദ്യോഗസ്ഥയുടെ വേഷമാണ് അൻസിബ സിനിമയിൽ അഭിനയിച്ചത്.
അതേസമയം, പലപ്പോഴും സോഷ്യൽ മീഡിയയുടെ ആക്രമങ്ങൾക്ക് ഇരയായിട്ടുള്ള താരം കൂടിയാണ് അൻസിബ. വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങളും ട്രോളുകളും അൻസിബയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ദൃശ്യം സിനിമയുടെ റിലീസിന് ശേഷമാണു നടിയ്‌ക്കെതിരെ വ്യാപകമായ സൈബർ ആക്രമങ്ങൾ ഉണ്ടായത്. അന്ന് അൻസിബ വളരെയധികം തകർന്നുപോയെന്ന് പറയുകയാണ് മറ്റൊരു പുതുമുഖ നടിയായ നിൽജ. ഡൂൾ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അൻസിബയ്ക്കുണ്ടായ മാനസിക സംഘർഷണങ്ങളെ കുറിച്ച് നിൽജ പറഞ്ഞത്.
സോഷ്യൽ മീഡിയയിലെ ട്രോളുകളും സൈബർ ആക്രമണങ്ങളും ചിലരെ വലിയ രീതിയിൽ ബാധിക്കാറുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് നിൽജ ഉദാഹരണമായി അന്സിബയുടെ കാര്യം പറഞ്ഞത്. “ഓരോ സൈബര്‍ അറ്റാക്കും കാര്യങ്ങളുമൊക്കെ പലരേയും പല വിധത്തിലാണ് ബാധിക്കുക. ദൃശ്യം ഒന്ന് കഴിഞ്ഞപ്പോൾ ഒരുപാട് സൈബര്‍ ആക്രമണങ്ങളും ട്രോളുകളും ഏറ്റുവാങ്ങേണ്ടിവന്ന ആളാണ് അന്‍സിബ. നമ്മള്‍ ഇതെല്ലാം കളിയാക്കി സോഷ്യല്‍ മീഡിയയില്‍ കാണുന്നു, കഴിയുന്നു.”
“പക്ഷേ അവരുടെ ലൈഫില്‍ സംഭവിച്ചത് എന്താണെന്ന് വെച്ചാല്‍ പുള്ളിക്കാരി അതിനെ നേരിടാൻ ഭയങ്കരമായി ബുദ്ധിമുട്ടി. വീട്ടില്‍ നിന്ന് പുറത്തിറങ്ങാതെയായി. കരച്ചിലും ബഹളവും ഒക്കെയായി കുറേ നാള്‍ മുറിക്കുള്ളില്‍ അടച്ചിരുന്നു എന്നാണ് പറഞ്ഞത്. ട്രോളുകളൊക്കെ അവരെ മാനസികമായി എത്രമാത്രം ആണ് ബാധിക്കുന്നത് എന്നുകൂടി ഓര്‍ക്കണം,” നിൽജ പറഞ്ഞു.
ഫഹദ് ഫാസിൽ നായകനായ മലയൻകുഞ്ഞാണ് നിൽജയുടെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. കപ്പേള, ചുഴല്‍ തുടങ്ങിയ ചിത്രങ്ങളില്‍ നില്‍ജ നേരത്തെ അഭിനയിച്ചിട്ടുണ്ട്. നവാഗതനായ സജിമോന്‍ പ്രഭാകരന്‍ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിച്ചത്. ചിത്രം ഇപ്പോഴും വിജയകരമായി പ്രദർശനം തുടരുകയാണ്.
ഒരിടവേളക്ക് ശേഷം തിയേറ്ററുകളിലെത്തിയ ഫഹദിന്റെ മലയാളം ചിത്രമായിരുന്നു ‘മലയൻകുഞ്ഞ്’.ഉരുൾപൊട്ടലിന്റെ ഭീകരത കാണിച്ചു തന്ന ചിത്രം മലയാള സിനിമാ പ്രേക്ഷകർക്ക് ഒരു പുത്തൻ കാഴ്ചാനുഭവമായിരുന്നു. എ.ആര്‍. റഹ്‌മാനാണ് ചിത്രത്തിന് സംഗീതമൊരുക്കിയത്. മുപ്പത് വർഷത്തിന് ശേഷം റഹ്മാന്റെ മലയാളത്തിലേക്കുള്ള തിരിച്ചുവരവായിരുന്നു ഇത്. ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചത് സംവിധായകൻ മഹേഷ് നാരായണനാണ്. അദ്ദേഹം തന്നെയായിരുന്നു ഛയാഗ്രഹണവും എഡിറ്റിങ്ങും.
