ഒരു കാലത്തെ സൂപ്പർ സ്റ്റാറും നടൻ മഹേഷ് ബാബുവിന്റെ പിതാവുമായ കൃഷ്ണയുടെ മരണ വാർത്ത തെലുങ്ക് സിനിമാ ലോകത്തെ ദുഃഖത്തിലാക്കിയിരിക്കുകയാണ്. 79 കാരനായ കൃഷ്ണ ഹൃദയാഘാതം മൂലമാണ് മരണപ്പെട്ടത്. ചൊവ്വാഴ്ച പുലർച്ചെ നാലിനായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് തിങ്കളാഴ്ച പുലർച്ചെ അദ്ദേഹത്തെ ഹൈദരാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിനകം തെലുങ്ക് സിനിമാ ലോകത്തെ നിരവധി പ്രമുഖർ കൃഷ്ണയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ചിട്ടുണ്ട്. നടൻ മഹേഷ് ബാബുവിന്റെ ആരാധകരും നടന്റെ ദുഃഖത്തിൽ പങ്കുചേർന്നു.
കൃഷ്ണയുടെ ആദ്യ ഭാര്യയിലുണ്ടായ മകനാണ് മഹേഷ് ബാബു. ഇന്ദിരാ ദേവിയാണ് മഹേഷ് ബാബുവിന്റെ അമ്മ. കൃഷ്ണയുടെ ആദ്യ ഭാര്യ ആയിരുന്നു ഇത്. അന്തരിച്ച നടിയും സംവിധായികയും ആയ വിജയനിർമല ആയിരുന്നു കൃഷ്ണയുടെ രണ്ടാം ഭാര്യ. ഇന്ദിരാ ദേവിയുമായുള്ള വിവാഹ ബന്ധം നിലനിൽക്കവെ കൃഷ്ണ വിജയ നിർമലയെ ഭാര്യ ആക്കുകയായിരുന്നു. മഹേഷ് ബാബു, മഞ്ജുള, രമേഷ് ബാബു, പ്രിയദർശിനി എന്നീ നാല് മക്കളാണ് ആദ്യ ഭാര്യയിൽ കൃഷ്ണയ്ക്കുള്ളത്.
രണ്ടാം ഭാര്യയ്ക്ക് ആദ്യ ബന്ധത്തിൽ നരേഷ് എന്ന മകനുമുണ്ടായിരുന്നു. ആരെയും അറിയിക്കാതെ ഒരു അമ്പലത്തിൽ വെച്ച് വിജയനിർമലയെ കൃഷ്ണ ഭാര്യ ആക്കുകയായിരുന്നത്രെ. പിന്നീട് ആദ്യ ഭാര്യയോട് ഇക്കാര്യം ഇദ്ദേഹം തന്നെ പറയുകയും ചെയ്തു. ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ഇദ്ദേഹത്തിന്റെ ആദ്യ ഭാര്യയും മഹേഷ് ബാബുവിന്റെ അമ്മയുമായ ഇന്ദിരാ ദേവി മരണപ്പെട്ടത്.
അതേസമയം വിജയനിർമല സാമ്പത്തികമായി സ്വയം പര്യാപ്തയായിരുന്നു. ഭർത്താവിനെ സാമ്പത്തികമായി ആശ്രയിച്ചിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം വിജയനിർമല മരിച്ചപ്പോൾ മഹേഷ് ബാബു ഉൾപ്പെടെയുള്ള കൃഷ്ണയുടെ കുടുംബം വലിയ ദുഃഖത്തിൽ ആയിരുന്നു. അമ്മയെ പോലെ തന്നെയായിരുന്നത്രെ വിജയനിർമലയെ മഹേഷ് ബാബു കണ്ടത്. 44 ഓളം സിനിമകൾ അക്കാലത്ത് വിജയനിർമല സംവിധാനം ചെയ്തിട്ടുണ്ട്. ഇവയിൽ ചിലതിലെ നായകൻ കൃഷ്ണ ആയിരുന്നു. അങ്ങനെയാണ് പ്രണയം ഉടലെടുക്കുന്നത്.
അഞ്ച് പതിറ്റാണ്ട് നീണ്ട സിനിമാ ജീവിതത്തിനിടയിൽ 350 ലേറെ സിനിമകളിൽ കൃഷ്ണ അഭിനയിച്ചിട്ടുണ്ട്. 2009 ൽ രാജ്യം അദ്ദേഹത്തെ പത്മഭൂഷൺ നൽകി ആദരിച്ചു. 1989 ൽ കോൺഗ്രസ് എംപിയായി പാർലമെന്റിലും സാന്നിധ്യം അറിയിച്ചു. ചെറിയ വേഷങ്ങളിലൂടെ ആണ് കൃഷ്ണ സിനിമാ ലോകത്തേക്ക് കടന്നു വരുന്നത്. 1961 ൽ പുറത്തിറങ്ങിയ കുല ഗോത്രലു, പടണി, മുണ്ഡുകു, പറവു പ്രതിഷ്ഠ, തുടങ്ങിയ സിനിമകളിലെ നടൻ ചെറിയ വേഷം ചെയ്തു.
പിന്നീട് 1965 ൽ തേനെ മനസുലു എന്ന സിനിമയിലൂടെയാണ് ആദ്യം നായകനായി വരുന്നത്. നിർമാതാവും സംവിധായനുമായി പ്രവർത്തിച്ചിട്ടുണ്ട്. തെലുങ്ക് സിനിമാ ലോകത്ത് വലിയ സംഭാവനകൾ നൽകിയ താരമാണ് വിട പറഞ്ഞിരിക്കുന്നത്. മക്കളിൽ മഹേഷ് ബാബു ആണ് അച്ഛന്റെ വഴിയെ സൂപ്പർ സ്റ്റാർ ആയി മാറിയത്. തെലുങ്കിലെ ഏറ്റവും താരമൂല്യമുള്ള നായക നടൻമാരിൽ ഒരാളാണ് മഹേഷ് ബാബു.
