കൊടുമൻ പോറ്റി, മമ്മൂട്ടി എന്ന നടന്റെ പകർന്നാട്ടത്തിന്റെ മറ്റൊരു പേരായി ഈ കഥാപാത്രം മാറിയിരിക്കുകയാണ്. ആ വേഷത്തിന്‍റെ വന്യതയും നിഗൂഢതയും യാതൊരു ഗിമിക്സുകളില്ലാതെ പ്രേക്ഷകരിലേക്ക് എത്തിച്ച മമ്മൂട്ടിയെ പ്രശംസിച്ച് ബോളിവുഡ് അടക്കമുള്ള ഇന്റസ്ട്രിയിൽ നിന്നും നിരവധി പേർ എത്തുകയാണ്. ഈ അവസരത്തിൽ മമ്മൂട്ടിയെ പ്രശംസിച്ച്, അദ്ദേഹത്തിലെ നടനെ കുറിച്ച് തമിഴ് മാധ്യമപ്രവർത്തകനായ വിശൻ വി പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.
“നമ്മുടെ നാട്ടിൽ കമൽഹാസൻ എങ്ങനെ ആണോ ഒരു കൾച്ചർ ഉണ്ടാക്കി എടുത്തത്, അതുപോലൊന്ന് മമ്മൂട്ടി കേരളത്തിൽ ഉണ്ടാക്കി എടുത്തിട്ടുണ്ട്. വർഷങ്ങൾക്ക് മുൻപ് ലിട്രേച്ചർ ബേയ്സ് ചെയ്തുള്ള പടങ്ങൾ ചെയ്യാൻ എല്ലാവരും ക്ഷണിച്ചത് മമ്മൂട്ടിയെ ആയിരുന്നു. വിധേയൻ ഉൾപ്പടെ ഉള്ള സിനിമകൾ ഉദാഹരണം. മലയാള സിനിമ എന്നാൽ ബിറ്റ് പടം എന്നൊരു കൾച്ചർ ഉണ്ടായിരുന്നു. അതെല്ലാം ഉടച്ച് വാർത്തത് മമ്മൂട്ടിയാണ്. ഒരുകാലത്ത് മോഹൻലാൽ അടുത്ത വീട്ടിലെ പയ്യൻ ഇമേജിൽ വന്നപ്പോൾ, മമ്മൂട്ടി സീരിയസ് ആയിട്ടുള്ള വേഷങ്ങൾ ചെയ്തു. അത്തരം സിനിമകളിലൂടെ മലയാള സിനിമയെ അദ്ദേഹം മാറ്റി മറിച്ചു. ഭ്രമയുഗം പോലുള്ള സിനിമകളും കഥാപാത്രങ്ങളും ആഘോഷിക്കപ്പെടുന്നുണ്ടെങ്കിൽ അതിന് മുഖ്യകാരണക്കാരൻ മമ്മൂട്ടിയാണ്. പത്ത് വർഷം മുൻപ് കൊമേഷ്യൽ പടങ്ങൾ അദ്ദേഹം ചെയ്തിരുന്നു. ഇപ്പോൾ വേറെ ഫോമിൽ ആണ് വന്നിരിക്കുന്നത്. ഇവയ്ക്ക് എല്ലാം മുൻപാണ് തനിയാവർത്തനം, വിധേയൻ പോലുള്ള സിനിമകൾ മമ്മൂട്ടി ചെയ്തത്. എല്ലാവരും കണ്ടിരിക്കേണ്ട 75 ഇന്ത്യൻ സിനിമകളിൽ ഒന്നാണ് തനിയാവർത്തനം എന്നാണ് കമൽഹാസൻ ഒരിക്കൽ പറഞ്ഞത്. മമ്മൂട്ടി ഫാൻസ് മാത്രമല്ല അദ്ദേഹത്തിന്റെ സിനിമകൾ കാണുന്നത് എന്നതാണ് പ്രധാന കാര്യം. 500, 1000കോടികൾ നമ്മുടെ നാട്ടിൽ കൾച്ചറായി മാറി. മലയാള പ്രേക്ഷകരിൽ അതൊന്നും നടക്കില്ലെന്ന് മനസിലാക്കി മമ്മൂട്ടി ഒരു കൾച്ചർ ക്രിയേറ്റ് ചെയ്തു എന്നതാണ് വാസ്തവം. ഇത്തരം സിനിമകൾ അല്ലെങ്കിൽ കഥാപാത്രങ്ങൾ വേറൊരു ഹീറോ ചെയ്യുമോ എന്നത് സംശയമാണ്. അവർക്ക് അതിന് സാധിക്കുമോ എന്നതും സംശയമാണ്. ഭ്രമയുഗത്തിൽ മമ്മൂട്ടി ഇല്ല. കൊടുമൻ പോറ്റി മാത്രമാണ്”, എന്നാണ് വിശൻ പറയുന്നത്. തന്‍റെ യുട്യൂബ് ചാനലിലൂടെ ആയിരുന്നു വിശന്‍റെ പ്രതികരണം.
