ചെന്നൈ: വരുന്ന ജൂണ്‍ 29നാണ് മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന മാമന്നന്‍ റിലീസ് ചെയ്യുന്നത്. രണ്ടേ രണ്ട് ചിത്രങ്ങള്‍ കൊണ്ട് പ്രേക്ഷക മനസ്സില്‍ ഇടംപിടിച്ച സംവിധായകനാണ് മാരി സെല്‍വരാജ്. പരിയേറും പെരുമാള്‍, കര്‍ണന്‍ എന്നിവയ്ക്കു ശേഷം അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രമാണ് മാമന്നന്‍. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രമാണ് ‘മാമന്നന്‍’. വാളേന്തിയിരിക്കുന്ന ഉദയനിധി സ്റ്റലിനൊപ്പം കലിപ്പ് മോഡിലുള്ള വടിവേലുവും ചേർന്ന് നില്‍ക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് നേരത്തെ വന്‍ ശ്രദ്ധ നേടിയിരുന്നു. കമല്‍ഹാസൻ നായകനായ ‘വിക്രം’ എന്ന ചിത്രത്തിന് പിന്നാലെ ഫഹദ് ഫാസിൽ അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണ് മാമന്നൻ.എന്നാല്‍ ഇപ്പോള്‍ മാമന്നന്‍ ചിത്രത്തിന്‍റെ റിലീസ് തടയണം എന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിരിക്കുകയാണ് ഒരു നിര്‍മ്മാതാവ്. രാമ ശരവണന്‍ എന്ന നിര്‍മ്മാതാവാണ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ചിത്രം റിലീസ് ചെയ്യുന്നതിന് മുന്‍ ഉദയനിധി സ്റ്റാലിന്‍ 25 കോടി നഷ്ടപരിഹാരം നല്‍കണം. അല്ലെങ്കില്‍ സിനിമയുടെ റിലീസ് തടയണം എന്നാണ് പരാതിക്കാരന്‍റെ ഹര്‍ജിയില്‍ പറയുന്നത്.
