ഈ വര്‍ഷം ജൂണില്‍ വിവാഹിതരായ നയന്‍താരയും വിഘ്നേശ് ശിവനും ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായിരിക്കുകയാണ്. വിവാഹം കഴിഞ്ഞത് മുതല്‍ നയന്‍താര ഗര്‍ഭിണിയായോ എന്ന് അന്വേഷിക്കുന്നവര്‍ക്ക് ഇടയിലേക്കാണ് കുഞ്ഞുങ്ങള്‍ ജനിച്ച വിവരം താരങ്ങള്‍ പറയുന്നത്. വാടകഗര്‍ഭപാത്രത്തിലൂടെയാണ് താരദമ്പതിമാര്‍ ഇരട്ടആണ്കുഞ്ഞുങ്ങള്ക്ക് ജന്മം കൊടുത്തത്.
ആദ്യം അഭിനന്ദനങ്ങള്‍ വന്നെങ്കിലും പിന്നീട് വിമര്‍ശനങ്ങളാണ് ഇരുവരെയും കാത്തിരുന്നത്. വാടകഗര്‍ഭപാത്രത്തിലൂടെ കുഞ്ഞുങ്ങളെ സ്വന്തമാക്കുന്നതിനുള്ള നിയമങ്ങള്‍ നയന്‍താരയും വിഘ്നേശും തെറ്റിച്ചെന്ന് ചൂണ്ടി കാണിച്ച് ചിലരെത്തി. ഇതിന് പിന്നാലെ കേസും ആരോഗ്യ വകുപ്പിന്റെ അന്വേഷണവുമൊക്കെ വന്നു. ഒടുവില്‍ ഈ കഥയ്ക്ക് മറ്റൊരു ട്വിസ്റ്റ് ഉണ്ടായിരിക്കുകയാണ്.
വിവാഹം കഴിഞ്ഞ് നാല് മാസത്തിനുള്ളില്‍ എങ്ങനെ കുഞ്ഞുങ്ങള്‍ക്ക് ജന്മം കൊടുക്കും എന്നതാണ് പലരും നയന്താരയോടും വിഘ്നേശിനോടും ചോദിച്ച് കൊണ്ടിരുന്നത്. ഇവര്‍ നിയമം തെറ്റിച്ചെന്നുള്ള ആരോപണവും ഇതിനിടയില്‍ വന്നു. അങ്ങനെയാണ് പരാതികള്‍ ഉയര്‍ന്നതും നടപടി എടുക്കുമെന്ന പ്രചരണം ഉണ്ടാവുകയും ചെയ്യുന്നത്. അപ്പോഴും വാര്‍ത്തകളില്‍ കാര്യമായി പ്രതികരിക്കാതെ മൗനം പാലിക്കുകയാണ് താരദമ്പതിമാര്‍ ചെയ്തിരുന്നത്.
ഒരു ദമ്പതിമാര്‍ വിവാഹം കഴിച്ച് ആറ് വര്‍ഷം കഴിഞ്ഞാലേ വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞുങ്ങള്‍ക്ക് ജന്മം കൊടുക്കാന്‍ പറ്റുകയുള്ളു എന്നതാണ് നിയമം. ഇത് ചൂണ്ടി കാണിച്ചാണ് ചിലരെത്തിയത്. എന്നാല്‍ ആ നിയമം വിഘ്നേശിനെയും നയന്‍താരയെയും ഒന്നും ചെയ്യില്ലെന്നാണ് പുതിയ വിവരം. കാരണം ആറ് വര്‍ഷം മുന്‍പ് തന്നെ ഇരുവരും വിവാഹം കഴിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഒത്തിരി വര്‍ഷങ്ങളായി പ്രണയത്തിലായ വിഘ്നേശും നയന്‍താരയും ആറ് വര്‍ഷം മുന്‍പേ വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നു.
കഴിഞ്ഞ ഡിസംബര്‍ മുതലാണ് വാടക ഗര്‍ഭധാരണത്തിന് തയ്യാറെടുക്കുന്നതെന്ന് തമിഴ്നാട് ആരോഗ്യ വകുപ്പിന് നല്കിയ സത്യവാങ്മൂലത്തില്‍ താരങ്ങള്‍ അറിയിച്ചതായിട്ടാണ് വിവരം. വിവാഹം രജിസ്റ്റര്‍ ചെയ്തതിന്റെ രേഖകളും ഇതിനൊപ്പം സമര്‍പ്പിച്ചതായിട്ടാണ് വിവരം. അങ്ങനെ നോക്കുമ്പോള്‍ താരദമ്പതിമാരുടെ പേരില്‍ ഉയര്‍ന്ന് വന്ന ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലാതെയാവും. എന്തായാലും പുതിയ വിവാദങ്ങള്‍ക്കോ വിമര്ശനങ്ങള്ക്കോ വഴിയൊരുക്കാതെ സമാധാനമായി പോവാനാണ് താരങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്.
ദുബായില്‍ താമസിക്കുന്ന മലയാളിയായ സ്ത്രീയാണ് നയന്‍താരയ്ക്ക് വാടക ഗര്‍ഭപാത്രം നല്‍കിയതെന്ന് ചില റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മാത്രമല്ല വന്ധ്യതാ ചികിത്സ നടക്കുന്ന ചെന്നൈയിലെ ഒരു ക്ലീനിക്കില്‍ വച്ചാണ് അവരുടെ പ്രസവം നടന്നതെന്നും നേരത്തെ പുറത്ത് വന്ന റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്. നിലവില്‍ രണ്ട് മക്കളുടെയും കൂടെ സന്തുഷ്ടമായൊരു കുടുംബജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ് വിഘ്നേശും നയന്‍താരയും.
2015 മുതലാണ് നയൻതാരയും വിഘ്നേശ് ശിവനും അടുപ്പത്തിലാവുന്നത്. വിഘ്നേശ് സംവിധാനം ചെയ്ത നാനും റൌഡി താൻ എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ചത് മുതലാണ് ഇഷ്ടത്തിലാവുന്നത്. ശേഷം ഇരുവരും രഹസ്യമായി പ്രണയത്തിലായി. ഇടയ്ക്ക് വിഘ്നേശ് തൻ്റെ പ്രതിശ്രുത വരനാണെന്ന് നയൻതാര പറഞ്ഞത് വലിയ വാർത്തയായിരുന്നു. ആ സമയത്ത് തന്നെ നടി വിവാഹിതയായിട്ടുണ്ടാവുമെന്നാണ് ആരാധകരും പറയുന്നത്.
