തായ് എയർവേയ്സിനെതിരെ രൂക്ഷ വിമർശനവുമായി നടി നസ്രിയ നസീം. വിമാനക്കമ്പനിക്കെതിരെയും ജീവനക്കാർക്കെതിരെയുമാണ് നടി ആ രോപണം ഉന്നയിച്ചിരിക്കുന്നത്. വിമാന യാത്രയ്ക്കിടെ ബാഗ് നഷ്ടപ്പെട്ടു. സഹായം ആവശ്യപ്പെട്ട് എയർവേയ്സ് അധികൃതരെ സമീപിച്ചപ്പോൾ ജീവനക്കാർ പരാതി കാര്യമായി എടുത്തില്ലെന്നും ഒരു പരിഗണനയും ലഭിച്ചില്ലെന്നും നസ്രിയ പറയുന്നു.
ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നടിയുടെ പ്രതികരണം. തന്റെ ജീവിതത്തിൽ ഇനി ഒരിക്കലും തായ് എയർവേയ്സിന്റെ വിമാനങ്ങളിൽ കയറില്ലെന്നും നസ്രിയ പറയുന്നു.
‘തായ് എയർവേയ്സ് വളരെ മോശം. ഇതുവരെ ഒരു എയർലെെനിൽ നിന്നോ അതിന്റെ സ്റ്റാഫിൽ നിന്നോ എനിക്ക് ഇത്രയും മോശം അനുഭവം ഉണ്ടായിട്ടില്ല. ബാഗ് കാണാതായതിൽ സഹായം ആവശ്യപ്പെട്ട് അവരെ സമീപിച്ചപ്പോൾ അവർ കാര്യമായി എടുത്തില്ല. ജീവിതത്തിൽ ഇനിയൊരിക്കലും ഈ ‘അമേസിംഗ്’ തായ് എയർവേസിൽ കയറില്ല,’ നസ്രിയ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചതിങ്ങനെ. തായ് എയർവേയ്സിനെ നസ്രിയ ടാഗ് ചെയ്തിട്ടുമുണ്ട്. തായ്ലാന്റിലെ ഔദ്യോഗിക എയർലൈനാണ് തായ് എയർവേയ്സ്.
കഴിഞ്ഞ ദിവസമാണ് ഭർത്താവ് ഫഹദ് ഫാസിലിന്റെ 40ാം പിറന്നാൾ നസ്രിയ നസീം ആഘോഷിച്ചത്. സിനിമകളിൽ ഇടവേളയെടുത്ത് മാത്രം അഭിനയിക്കുന്ന നസ്രിയ ഇപ്പോൾ കുടുംബത്തോടൊപ്പമുള്ള സമയത്തിനും യാത്രകൾക്കുമാണ് പ്രാധാന്യം നൽകുന്നത്. തെലുങ്കിൽ പുറത്തിറങ്ങിയ അണ്ടേ സുന്ദരനാനിയാണ് നസ്രിയ ഒടുവിൽ അഭിനയിച്ച സിനിമ.
ചിത്രത്തിൽ നാനിയായിരുന്നു നായകൻ. നസ്രിയയുടെ ആദ്യ തെലുങ്ക് സിനിമ ആയിരുന്നു ഇത്. ചിത്രം പക്ഷെ പ്രതീക്ഷിച്ച വിജയം ആയിരുന്നില്ല. മലയാളത്തിൽ കൂടെ, ട്രാൻസ് എന്നിവയാണ് വിവാഹത്തിന് ശേഷം നസ്രിയ അഭിനയിച്ച സിനിമകൾ.
2014 ലാണ് നസ്രിയയും ഫഹദും വിവാഹിതരായത്. ഇരുവരും ഒരുമിച്ച് അഭിനയിച്ച ബാംഗ്ലൂർ ഡെയ്സ് എന്ന സിനിമയുടെ ഷൂട്ടിംഗിനെയാണ് പ്രണയത്തിലാവുന്നത്. അഞ്ജലി മേനോൻ സംവിധാനം ചെയ്ത സിനിമ മികച്ച വിജയവുമായിരുന്നു. ഇരുവരും വിവാഹിതരായിട്ട് എട്ട് വർഷം പൂർത്തിയാവാൻ പോവുകയാണ്.
കഴിഞ്ഞ ദിവസം നസ്രിയയോടൊപ്പമുള്ള ജീവിതത്തെക്കുറിച്ച് ഫഹദ് സംസാരിച്ചിരുന്നു. വീട്ടിലും ഷൂട്ടിംഗ് സെറ്റിലുമെല്ലാം നസ്രിയ ഒരുപോലെ പെരുമാറുന്ന ആളാണെന്നും താൻ രണ്ടിടത്തും അഭിനയിക്കുന്ന വ്യക്തിയാണെന്നും ഫഹദ് വ്യക്തമാക്കി.
‘വീട്ടിൽ അഭിനയിക്കരുതെന്ന് നസ്രിയ പറയാറുണ്ട്. അവൾ വീട്ടിൽ അഭിനയിക്കില്ല. ഷമ്മിയെ ഇടയ്ക്കിടെ വീട്ടിൽ കാണാമെന്ന് നസ്രിയ പറയാറുണ്ട്. അപ്പോൾ അവൾ സ്റ്റോപ്പ് ആക്ടിംഗ് എന്ന് പറയും. അത് നല്ലതാണോ ചീത്തയാണോ എന്നൊന്നും എനിക്ക് അറിയില്ല,’ ദ ക്വിന്റിന് നൽകിയ അഭിമുഖത്തിൽ ഫഹദ് പറഞ്ഞതിങ്ങനെ.




