
ഗോസിപ്പ് കോളങ്ങളിൽ ഏറെ നാളായി തുടരുന്ന വാർത്തയാണ് ബോളിവുഡ് നടി സോനാക്ഷി സിൻഹയും സഹീർ ഇക്ബാലും തമ്മിലുള്ള പ്രണയം. പല തവണ ഇതേപറ്റി ചോദ്യം വന്നപ്പോഴും ഞങ്ങൾ വെറും സുഹൃത്തുക്കൾ മാത്രമാണെന്നാണ് സോനാക്ഷിയും സഹീറും പറഞ്ഞിരുന്നത്.
സഹീറിനൊപ്പം നിൽക്കുന്ന ഒരു ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന വാർത്ത പ്രചരിച്ചത്. ഉടൻ വിവാഹിതാരാവുമെന്ന് വരെ റിപ്പോർട്ട് വന്നെങ്കിലും ഇരു താരങ്ങളും തങ്ങൾ സുഹൃത്തുക്കളാണെന്നാണ് പറഞ്ഞിരുന്നത്.
എന്നാലിപ്പോൾ ഇവർ സുഹൃത്തുക്കൾ മാത്രമല്ലെന്നാണ് പുറത്തു വരുന്ന വിവരം. ഇരുവരും നാളുകളായി പ്രണയത്തിലാണെന്നും ഇക്കാര്യം ഔദ്യോഗികമായി ഇക്കാര്യം ഉടനെ അറിയിക്കുമെന്നുമാണ് ഇന്ത്യാ ടുഡേയുടെ റിപ്പോർട്ട്. സോനാക്ഷിയും സഹീറും ഒരുമിച്ചെത്തുന്ന ഒരു പാട്ടിലൂടെ പ്രണയ വിവരം അറിയിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ബ്ലോക്ക് ബസ്റ്റർ ജോഡി എന്നാണ് പാട്ടിന് നൽകിയിരിക്കുന്ന പേര്.
ഒരുമിച്ചുള്ള തങ്ങളുടെ ചിത്രങ്ങളും വീഡിയോകളും ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ടായിരുന്നു. നോട്ബുക്ക് എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച പുതുമുഖ നടനാണ് സഹീർ ഇക്ബാൽ. ദബാംഗ്, റൗഡി റാത്തോർ തുടങ്ങിയ സിനിമകളിലൂടെ ബോളിവുഡിൽ പ്രിയങ്കരിയായ സോനാക്ഷി അടുത്തു തന്നെ ഒടിടിയിലേക്കും ചുവടുവെക്കുകയാണ്. ഫോളൻ എന്ന ആമസോൺ സീരിസിലൂടെയായിരിക്കും നടി ഒടിടി പ്രേക്ഷകർക്ക് മുന്നിലെത്തുക.