Sunday, March 16, 2025
spot_img
More

    Latest Posts

    പോപ്പുലര്‍ ഫിനാന്‍സ് വിദേശത്തേക്ക് കടത്തിയ കോടികള്‍ കണ്ടെത്തണം – വര്‍ഗീസ്‌ പൈനാടത്തിനെ ഇന്ത്യയിലെത്തിക്കണം – നിക്ഷേപകര്‍ ഹൈക്കോടതിയില്‍

    കൊച്ചി : പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ വിദേശ രാജ്യങ്ങളിലേക്ക് കടത്തിയ പണം എത്രയുംവേഗം കണ്ടെത്തണമെന്നും തോമസ്‌ ദാനിയേലിന്റെ സഹോദരീ ഭര്‍ത്താവ് വര്‍ഗീസ്‌ പൈനാടത്ത് ഉള്‍പ്പെടെയുള്ളവരെ ഇന്ത്യയിലെത്തിച്ച് നിയമനടപടിക്ക് വിധേയമാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് തട്ടിപ്പിന് ഇരയായ നിക്ഷേപകര്‍ കേരളാ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. നിക്ഷേപകരുടെ സംഘടനയായ PGIA, PIWA എന്നിവര്‍ ചേര്‍ന്നാണ് ഹര്‍ജി നല്‍കിയത്. നിക്ഷേപകര്‍ക്ക് വേണ്ടി ന്യുട്ടന്‍സ് ലോ അഭിഭാഷകരായ മനോജ്‌ വി.ജോര്‍ജ്ജ്, രാജേഷ് കുമാര്‍ ടി.കെ എന്നിവര്‍ ഹാജരായി.

    പോപ്പുലര്‍ ഉടമ തോമസ്‌ ദാനിയേലിന്റെ (റോയി) സഹോദരീ ഭര്‍ത്താവ് വര്‍ഗീസ്‌ പൈനാടത്ത് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തണമെന്നും ഇന്ത്യയും ഓസ്ട്രേലിയയും തമ്മില്‍ നിലവിലുള്ള ഉടമ്പടി അനുസരിച്ച് വര്‍ഗീസ്‌ പൈനാടത്തിനെ ഇന്ത്യയിലേക്ക്‌ കൊണ്ടുവരണമെന്നും നിയമനടപടിക്ക് വിധേയനാക്കണമെന്നും നിക്ഷേപകര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. വര്‍ഗീസ്‌ പൈനാടത്തും കുടുംബവും ഇപ്പോള്‍ ഓസ്ട്രേലിയയില്‍ സ്ഥിരതാമസമാണ്‌. വിദേശത്തേക്ക് പണം കടത്തുവാന്‍ പ്രതികളെ നിരവധിപേര്‍ സഹായിച്ചിട്ടുണ്ട്. ഇവര്‍ക്കെതിരെയും അന്വേഷണം വേണമെന്ന് നിക്ഷേപകര്‍ ആവശ്യപ്പെട്ടു.

    വിമാന യാത്രക്കാര്‍ മുഖേന കോടിക്കണക്കിന് രൂപ ഹവാലയായി ദുബായിലേക്ക് കടത്തിയിട്ടുണ്ടെന്നും പ്രതികള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക്  മൊഴി നല്‍കിയിരുന്നു. ഇതിനുള്ള പണം പോപ്പുലര്‍ ഫിനാന്‍സിന്റെ വിവിധ ബാങ്ക് അക്കൌണ്ടുകളില്‍ നിന്നും പിന്‍വലിച്ചിട്ടുണ്ടെന്നും പ്രതികള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. ഓസ്ട്രേലിയ, ദുബായ്, മലേഷ്യ എന്നിവിടങ്ങളിലേക്ക് പോപ്പുലര്‍ ഉടമകള്‍ കടത്തിയ പണം കണ്ടെത്തുന്നതിനുള്ള അന്വേഷണം ത്വരിതപ്പെടുത്തണമെന്നും പോപ്പുലര്‍ ഉടമകളുടെ അടുത്ത ബന്ധുവും ദുബായില്‍ ഉള്ളതുമായ ബോബനെതിരെ സമഗ്ര അന്വേഷണം വേണമെന്നും നിക്ഷേപകര്‍ ആവശ്യപ്പെട്ടു. ED, SFIO, CBI എന്നീ മൂന്നു കേന്ദ്ര അന്വേഷണ എജന്‍സികളുടെ പ്രവര്‍ത്തനം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ചുമതലയില്‍ ഏകോപിപ്പിക്കണമെന്നും ഇതിന് കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയിലൂടെ നിക്ഷേപകര്‍ ആവശ്യപ്പെട്ടു.

    ഓസ്ട്രേലിയയില്‍ നിന്നും 14 കണ്ടയിനറുകളില്‍ പഴയ കമ്പ്യൂട്ടറുകള്‍ ഇറക്കുമതി ചെയ്തിരുന്നുവെന്നും ഇവ കൊച്ചി തുറമുഖം വഴിയാണ് കൊണ്ടുവന്നതെന്നും തോമസ്‌ ദാനിയേല്‍ (റോയി) മൊഴി നല്‍കിയിരുന്നു.  കൂടാതെ ഹെല്‍ത്ത് ഡ്രിങ്ക്സ്, മലേഷ്യയില്‍ നിന്നും ചൈനീസ് നിര്‍മ്മിത മൊബൈല്‍ ഫോണുകള്‍ എന്നിവയും ഇറക്കുമതി ചെയ്തിരുന്നതായി പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. പോപ്പുലര്‍ നിക്ഷേപതട്ടിപ്പിലെ പ്രതികളായ തോമസ്‌ ദാനിയേല്‍ (റോയി), മകള്‍ റിനു മറിയം എന്നിവര്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നല്‍കിയ മൊഴി അനുസരിച്ച്  ED ഏറണാകുളത്തെ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് നിക്ഷേപകര്‍ കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നോട്ടീസ് നല്‍കി. ക്രിസ്മസ് അവധിക്ക് ശേഷം കോടതി വീണ്ടും കൂടും.

    Latest Posts

    spot_imgspot_img

    Don't Miss

    Stay in touch

    To be updated with all the latest news, offers and special announcements.