മലയാളത്തിന്റെ പ്രിയനടൻ കുഞ്ചാക്കോ ബോബന്റെ ഏറ്റവും പുതിയ ചിത്രമാണ് ‘ന്നാ താൻ കേസ് കൊട്’. സിനിമാ പ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ഇത്. ചിത്രത്തിലെ കുഞ്ചാക്കോ ബോബന്റെ ഗെറ്റപ്പും ദേവദൂതർ പാടി ഗാനത്തിലെ ഡാൻസും ചിത്രത്തിന് ഗംഭീര മൈലേജാണ് നൽകിയത്. ഇപ്പോഴിതാ, ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ചിത്രം ഇന്ന് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്.
രതീഷ് ബാലകൃഷ്‌ണൻ പൊതുവാൾ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സിനിമയ്ക്കും ചാക്കോച്ചന്റെ പ്രകടനത്തിനും ആരാധകർ കയ്യടിക്കുകയാണ്. അതിനിടെ കുഞ്ചാക്കോ ബോബന്റെ ഭാര്യ പ്രിയ സിനിമയെ കുറിച്ചു പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.
താൻ കാണാൻ ആഗ്രഹിച്ചത് ഇങ്ങനെ ഒരു ചാക്കോച്ചനെ ആണെന്നാണ് പ്രിയ മാധ്യമങ്ങളോട് പ്രതികരിച്ചത്. “വളരെ വ്യത്യസ്തമായ രീതിയിൽ ചാക്കോച്ചനെ കാണാൻ കഴിഞ്ഞു. നല്ല സിനിമായാണ് ഒത്തിരി സന്തോഷം” സിനിമ കണ്ടിറങ്ങിയ ശേഷം പ്രിയ പറഞ്ഞു.
റൊമാന്റിക് ഹീറോ വേഷങ്ങളിലെത്തുന്ന ചാക്കോച്ചനെയാണോ ഈ ചാക്കോച്ചനെയാണോ കൂടുതൽ കാണാനിഷ്ടമെന്ന് ചോദിച്ചപ്പോൾ ഇപ്പോഴത്തെ ഈ ചാക്കോച്ചനെയാണ് എനിക്ക് ഒത്തിരി ഇഷ്ടമെന്ന് പ്രിയ പറഞ്ഞു. ഒരുപാട് നാളായി ഒരു മാറ്റം വേണമെന്ന് ചാക്കോച്ചൻ പറയുന്നു. അത് കാണാൻ കഴിഞ്ഞെന്നും പ്രിയ കൂട്ടിച്ചേർത്തു.
അതേസമയം, പ്രിയ ഇങ്ങനെ പറഞ്ഞു എന്ന് ചാക്കോച്ചനോട് മാധ്യമപ്രവർത്തകർ പറഞ്ഞപ്പോൾ ‘അവൾ അങ്ങനെ പറഞ്ഞോ, വീട്ടിൽ പോയി ചോദിക്കട്ടെ’ എന്നായിരുന്നു മറുപടി. തന്റെ ഏറ്റവും വലിയ വിമർശക പ്രിയ ആണെന്നും അവൾ അങ്ങനെ പറഞ്ഞെങ്കിൽ ഒരുപാട് സന്തോഷമാണെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു.
അതേസമയം, പ്രിയ ഇങ്ങനെ പറഞ്ഞു എന്ന് ചാക്കോച്ചനോട് മാധ്യമപ്രവർത്തകർ പറഞ്ഞപ്പോൾ ‘അവൾ അങ്ങനെ പറഞ്ഞോ, വീട്ടിൽ പോയി ചോദിക്കട്ടെ’ എന്നായിരുന്നു മറുപടി. തന്റെ ഏറ്റവും വലിയ വിമർശക പ്രിയ ആണെന്നും അവൾ അങ്ങനെ പറഞ്ഞെങ്കിൽ ഒരുപാട് സന്തോഷമാണെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു.
കുഞ്ചാക്കോ ബോബനും മകൻ ഇസഹാഖിനൊപ്പമാണ് പ്രിയ തിയേറ്ററിൽ എത്തിയത്. മലയാളത്തിലെ താരനിര തന്നെ ചിത്രത്തിന്റെ ആദ്യ ഷോയ്ക്ക് എത്തിയിരുന്നു. നടി മഞ്ജു വാര്യർ, ഗീതു മോഹൻ ദാസ്, ദർശന രാജേന്ദ്രൻ, നടൻ റോഷൻ മാത്യു, രമേശ് പിഷാരടി തുടങ്ങിയവരാണ് ചിത്രത്തിന്റെ ആദ്യ പ്രദർശനത്തിന് അണിയറ പ്രവർത്തകർക്കൊപ്പം എത്തിയത്.
തിയേറ്ററിൽ മഞ്ജു ഉൾപ്പെടെയുള്ള താരങ്ങളുടെ അടുത്ത് ഇടപഴകുന്ന ഇസഹാഖിന്റെ വീഡിയോ രാവിലെ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇസഹാഖിനെ കളിപ്പിക്കുന്ന മഞ്ജുവിനെയും രമേശ് പിഷാരടിയെയും വീഡിയോയിൽ കാണാമായിരുന്നു.
അതിനിടെ, ചിത്രത്തിന്റെ റിലീസ് പോസ്റ്ററുമായി ബന്ധപ്പെട്ട് വലിയ ചർച്ചകളും ഇന്ന് ഉണ്ടായി. ‘തിയേറ്ററിലേക്കുള്ള വഴിയില്‍ കുഴികളുണ്ട്, എന്നാലും വന്നേക്കണേ,’ എന്ന ക്യാപ്‌ഷനോടെ പുറത്തിറക്കിയ പോസ്റ്ററാണ് വിവാദമായത്. സർക്കാരിന് എതിരെയുളള പോസ്റ്ററാണ് പിൻവലിക്കണം എന്ന ആവശ്യവുമായി ഒരു വിഭാഗം രംഗത്ത് എത്തിയതായാണ് വിവാദങ്ങൾക്ക് കാരണം. ഒരുകൂട്ടർ പോസ്റ്ററിനെ അനുകൂലിച്ചും രംഗത്തെത്തിയിരുന്നു.
എന്നാൽ ഇതിൽ കുഞ്ചാക്കോ ബോബൻ പിന്നീട് വിശദീകരണം നൽകി. ചിത്രം ആരെയും ലക്ഷ്യം വെച്ചുള്ളത് അല്ലെന്നും കുഴിമാത്രമല്ല സിനിമയിൽ പരാമർശിക്കുന്നതെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു. ‘ഇത് സര്‍ക്കാരിനെയോ രാഷ്ട്രീയ പാര്‍ട്ടിയെയോ ടാര്‍ഗെറ്റ് ചെയ്യുന്നില്ല. സിനിമ നടക്കുന്ന കാലഘട്ടം പോലും അങ്ങനെയാണ് പറഞ്ഞിരിക്കുന്നത്.”
“പരസ്യം ഒരു രാഷ്ട്രീയ പാർട്ടിയെയും ഉദ്ദേശിച്ചല്ല. ചിത്രത്തിലെ ഇതിവൃത്തവുമായി ചേർന്ന് നിൽക്കുന്നതിനാലാണ് പരസ്യം നൽകിയത്. തമിഴ്നാട്ടിൽ നടന്ന സംഭവമാണ് ചിത്രത്തിനാധാരം. ഇനി തമിഴ്നാട്ടിൽ നിന്ന് ബഹിഷ്കരണമുണ്ടാവുമോന്ന് അറിയില്ല. കേരളത്തിലെ എക്കാലത്തെയും അവസ്ഥ തന്നെയാണ് ചിത്രം. വിഷയത്തിലെ നന്മ കാണാതെ വിവാദം സൃഷ്ടിക്കുന്നത് ഖേദകരമാണ്.” കുഞ്ചാക്കോ ബോബൻ പറഞ്ഞു.
