വയനാട്ടിൽ കാട്ടാനക്കൂട്ടത്തെ പ്രകോപിപ്പിച്ച സംഭവത്തിൽ സഞ്ചാരികൾക്കെതിരെ വനംവകുപ്പ് കേസെടുത്തു. കാറുടമ ഉൾപ്പെടെ വാഹനത്തിലുണ്ടായിരുന്ന മൂന്ന് പേർക്കെതിരെയാണ് വനംവകുപ്പ് കേസെടുത്തത്. സഞ്ചാരികളുടെ പേരുവിവരങ്ങൾ വനംവകുപ്പ് പുറത്തുവിട്ടിട്ടില്ല. എറണാകുളം സ്വദേശികളാണെന്നാണ് വിവരം. വന്യജീവി സങ്കേതത്തിൽ അതിക്രമിച്ച് കടന്നതിനടക്കമാണ് കേസെടുത്തിരിക്കുന്നത്.
തിങ്കളാഴ്ച വൈകിട്ടോടെ ബത്തേരി പുൽപ്പള്ളി റോഡിലാണ് സംഭവം നടന്നത്. സഞ്ചാരികൾ കാർ നിർത്തി പുറത്തിറങ്ങി കാട്ടാനക്കൂട്ടത്തിന്റെ ചിത്രങ്ങൾ പകർത്തുകയായിരുന്നു. പ്രകോപിതരായ ആനക്കൂട്ടം ചിന്നം വിളിച്ച് മുന്നോട്ടാഞ്ഞതോടെ ഇവർ വാഹനത്തിൽ കയറി പോയി. പിന്നിലുണ്ടായിരുന്ന വാഹനയാത്രികർ പകർത്തിയ ദൃശ്യങ്ങൾ പ്രചരിച്ചതോടെ ഇവർക്കെതിരെ കേസെടുക്കുമെന്ന് വനംവകുപ്പ് വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് കേസെടുത്തത്.




