മലയാളത്തിലെ പുതുമുഖതാരങ്ങളില്‍ ശ്രദ്ധേയനാണ് നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ വിഷ്ണു എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിൽ ബാലതാരമായാണ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് രാപ്പകല്‍, അമൃതം, പളുങ്ക്, കഥ പറയുമ്പോള്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള വിഷ്ണു നായകനായ ആദ്യ ചിത്രം കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ ആയിരുന്നു.
അടുത്തിടെ കൃഷ്ണൻകുട്ടി പണി തുടങ്ങി, രണ്ട് തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയപ്രകടനം കാഴ്ചവെച്ച വിഷ്‌ണുവിന്റെ ഏറ്റവും പുതിയ ചിത്രം ‘സബാഷ് ചന്ദ്രബോസ്’ ആണ്. ആളൊരുക്കം എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്കാരം നേടിയ വി സി അഭിലാഷ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ഇന്നാണ് തിയേറ്ററുകളിൽ എത്തിയത്.
അതിനിടെ ചിത്രത്തിന് വ്യാപകമായ ഡീഗ്രേഡിങ് നടക്കുന്നു എന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ വിഷണു ഉണ്ണികൃഷ്ണൻ. കേരളത്തിൽ ഇന്ന് രാവിലെ പത്ത് മണിക്ക് മാത്രം പ്രദർശനം ആരംഭിച്ച ചിത്രത്തിന് രാവിലെ ഒമ്പത് മുതൽ ഡീഗ്രേഡിങ് ആണെന്നാണ് വിഷ്‌ണു ആരോപിക്കുന്നത്. പാക്കിസ്ഥാനിൽ നിന്നടക്കമുള്ള വിദേശ പ്രൊഫൈലുകളിൽ നിന്നാണ് ഡീഗ്രേഡിങ് നടക്കുന്നതെന്ന് വിഷ്ണു ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. വിഷ്‌ണുവിന്റെ കുറിപ്പ് വായിക്കാം.
“ഡീഗ്രേഡിങ് മനസ്സിലാക്കാം, പക്ഷേ സിനിമ ഇറങ്ങുന്നതിനു മുമ്പ് ചെയ്യുന്നതിന്റെ ലോജിക് ആണ് മനസ്സിലാകാത്തത്… കേരളത്തിൽ മാത്രം ഇന്ന് രാവിലെ 10 മണിക്ക് പ്രദർശനം തുടങ്ങുന്ന സബാഷ് ചന്ദ്രബോസ് സിനിമയെ കുറിച്ച് രാവിലെ 9 മണി മുതൽ വിദേശ പ്രൊഫൈലുകളിൽ നിന്നുമുള്ള സൈബർ ആക്രമണം. പാകിസ്ഥാനില്‍ നിന്ന് എല്ലാമുള്ള പ്രൊഫൈലുകളാണ് ഇംഗ്ലീഷ് കമന്റുകൾ ഉപയോഗിച്ച് പടം മോശമാണെന്ന് സ്ഥാപിക്കുന്നത്. ഒരു ചെറിയ പടം ആണെങ്കിൽ കൂടി ഇത് തിയേറ്ററിൽ ആളെ കയറ്റാതിരിക്കാൻ ഉള്ള അന്താരാഷ്ട്ര നാടകമായിട്ടാണ് കണക്കാക്കാനാകുന്നത്.”
“ഒരു ചെറിയ സിനിമയെ തകർക്കുന്നതിലുപരി തിയേറ്റർ വ്യവസായത്തെ തകർക്കുവാനുള്ള ഒരു ലക്ഷ്യമായാണ് ഞങ്ങൾ ഇതിനെ കാണുന്നത്. ഇതിലെ അന്താരാഷ്ട്ര സാധ്യതകളെ കുറിച്ച് സംസാരിക്കാനൊന്നും ഞങ്ങൾ അത്ര വലിയ ആളുകളല്ല, പക്ഷേ നിലവിലെ അവസ്ഥകളും സംശയകരമായ ക്യാമ്പയിനുകളും കാണുമ്പോൾ വലിയ ഗൂഢാലോചനകളുടെ സാധ്യത തള്ളിക്കളയാനും ആകില്ല. കല എന്നതിലുപരി സിനിമ തിയേറ്റർ വ്യവസായങ്ങൾ ഒട്ടേറെ പേരുടെ അന്നമാണ്. നമുക്ക് നിൽക്കാം നല്ല സിനിമകൾക്കൊപ്പം.” വിഷ്‌ണു കുറിച്ചു.
വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനാവുന്ന ചിത്രത്തില്‍ ജാഫര്‍ ഇടുക്കി, ധര്‍മ്മജന്‍ ബോല്‍ഗാട്ടി, സുധി കോപ്പ, ഇര്‍ഷാദ്, കോട്ടയം രമേശ്, സ്നേഹ പിലിയേരി, രമ്യ സുരേഷ്, ശ്രീജ ദാസ്, ഭാനുമതി പയ്യന്നൂര്‍ തുടങ്ങിയവരാണ് അഭിനയിക്കുന്നത്. സംവിധായകന്‍ തന്നെ രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ജോളിവുഡ് മൂവീസിന്‍റെ ബാനറിൽ ജോളി ലോനപ്പന്‍ ആണ്.
അടുത്തിടെ വിഷ്‌ണുവും ബിബിൻ ജോർജും സംവിധാനം ചെയ്യുന്ന ‘വെടിക്കെട്ട്’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ വിളക്കിൽ നിന്ന് എണ്ണ വീണ് വിഷ്ണുവിന് കയ്യിൽ പൊള്ളലേറ്റിരുന്നു. വള്ളത്തില്‍ നിന്ന് കത്തുന്ന വിളക്കുമായി കരയിലേക്ക് കയറുന്ന രംഗം ചിത്രീകരിക്കുന്നതിനിടയിലാണ് വിഷ്ണു ഉണ്ണിക്കൃഷ്ണന് പൊള്ളലേറ്റത്. ഇപ്പോൾ പരുക്ക് ഏറെക്കുറെ ഭേദമായി വിഷ്‌ണു വീണ്ടും ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചിട്ടുണ്ട്.
സംവിധാനത്തിന് പുറമേ സിനിമയിലെ പ്രധാനപ്പെട്ട രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതും വിഷ്‌ണുവും ബിബിനും തന്നെയാണ്. ബാദുഷ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പറിന്റെയും ബാനറില്‍ എന്‍.എം. ബാദുഷ, ഷിനോയ് മാത്യു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
