തെന്നിന്ത്യൻ സിനിമകളിൽ മുൻനിര നായിക നടിയായി തിളങ്ങുകയാണ് നടി സമാന്ത. സിനിമകളോടൊപ്പം തന്നെ നടിയുടെ വ്യക്തിജീവിതവും ഇന്ന് വാർത്തകളിൽ നിറയുകയാണ്. നടൻ നാഗചൈതന്യയുമായുള്ള വിവാഹ മോചനമാണ് ഇതിന് കാരണമായത്. 2021 നവംബറിലായിരുന്നു നാഗചൈതന്യയും സമാന്തയും വിവാഹ മോചിതരായത്.
ഏറെ കോളിളക്കങ്ങൾ ഉണ്ടാക്കിയ സംഭവമായിരുന്നു ഇത്. പരസ്പരം ആലോചിച്ചെടുത്ത തീരുമാനമാണെന്നും നല്ല സുഹൃത്തുക്കളായി തുടരുമെന്നും സമാന്തയും നാഗചൈതന്യയും അന്നിറക്കിയ പ്രസ്താവനയിലും പറഞ്ഞിരുന്നു. വിവാഹ മോചനത്തിന് പിന്നാലെ രണ്ട് പേരും കരിയറിന്റെ തിരക്കുകളിലേക്ക് നീങ്ങി.
നാഗചൈതന്യയുമായുള്ള പ്രണയത്തിന് മുമ്പ് സമാന്തയോടൊപ്പം ചേർത്ത് വന്ന പേരായിരുന്നു നടൻ സിദ്ധാർത്ഥിന്റേത്. ഇരുവരും ജബർദസ്ത എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിക്കവെ പ്രണയത്തിലായിരുന്നത്ര. സിദ്ധാർത്ഥിനൊപ്പം നിരവധി തവണ സമാന്തയെ പാപ്പരാസികൾ കണ്ടിട്ടുമുണ്ട്.
എന്നാൽ അധിക കാലം ഈ പ്രണയ ബന്ധം നീണ്ടു നിന്നില്ല. ഇരുവരും വേർപിരിഞ്ഞു. രണ്ട് പേരും പരസ്യമായി ഇതേപറ്റി സംസാരിച്ചിട്ടില്ല. എന്നാൽ പരോക്ഷമായി രണ്ട് പേരും ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. വർഷങ്ങൾക്ക് മുമ്പ് നൽകിയ ഒരു അഭിമുഖത്തിൽ മോശപ്പെട്ട ഒരു ബന്ധത്തിൽ നിന്നും താൻ രക്ഷപ്പെടുകയായിരുന്നെന്ന് സമാന്ത പറഞ്ഞിരുന്നു.
‘ജീവിതത്തിലെ വലിയ പ്രതിസന്ധിയിൽ ഞാൻ അകപ്പെട്ടേനെ. നടി സാവിത്രിയെ പോലെ. പക്ഷെ ഭാഗ്യവശാൽ തുടക്കത്തിൽ തന്നെ ഞാനത് തിരിച്ചറിയുകയും ബന്ധത്തിൽ നിന്ന് പിൻമാറുകയും ചെയ്തു. ഇത് മോശമായെ അവസാനിക്കൂ എന്ന് തിരിച്ചറിഞ്ഞപ്പോഴായിരുന്നു അത്. പിന്നീട് നാഗ ചൈതന്യയെ പോലെ ഒരാളെ എനിക്ക് ലഭിച്ചു. അവനൊരു രത്നമാണ്, സമാന്ത പറഞ്ഞു.
സിദ്ധാർത്ഥിന് സമാന്തയുമായി ബന്ധമുള്ളപ്പോൾ തന്നെ മറ്റ് സ്ത്രീകളുമായും അടുപ്പം ഉണ്ടായിരുന്നെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. സമാന്തയുടെ കാര്യത്തിൽ സിദ്ധാർത്ഥ് പൊസസീവും ആയിരുന്നത്രെ. ബ്രേക്ക് അപ്പിന് പിന്നാലെ വിവാദമായ ഒരു ട്വീറ്റും സിദ്ധാർത്ഥിട്ടു. ഉളുന്തുർപെട്ടയിലെ നായക്ക് നഗൂർ ബിരിയാണി കഴിക്കാനാണ് യോഗമെങ്കിൽ ആർക്കും തടുക്കാനാവില്ലെന്നായിരുന്നു ട്വീറ്റ്. സമാന്തയും നാഗചൈതന്യയും പ്രണയത്തിലെന്ന ഗോസിപ്പുകൾ പരക്കുന്നതിനിടെ വന്ന ഈ ട്വീറ്റ് അന്ന് വിവാദമായിരുന്നു.
നാഗ ചൈതന്യയുമായുള്ള വിവാഹ മോചനത്തിന് ശേഷവും സമാന്തയെ പരോക്ഷമായി പരിഹസിച്ച് കൊണ്ട് സിദ്ധാർത്ഥ് രംഗത്ത് വന്നിരുന്നു. സ്കൂളിൽ പഠിക്കവെ ടീച്ചറിൽ നിന്നും നേടിയ ആദ്യ പാഠം വഞ്ചിക്കുന്നവർക്ക് ഒരിക്കലും ക്ഷേമം ഉണ്ടാവില്ലെന്നാണ്. എന്താണ് നിങ്ങൾ പഠിച്ച പാഠം എന്നായിരുന്നു സിദ്ധാർത്ഥിന്റെ ട്വീറ്റ്. അന്ന് സിദ്ധാർത്ഥിനെതിരെ ഇതിന്റെ പേരിൽ വിമർശനവും വന്നു.
വർഷങ്ങൾക്ക് മുമ്പ് നടന്ന കാര്യം എന്തിനാണ് വീണ്ടും എടുത്തിടുന്നതെന്നും ഒന്നും മറന്നില്ലേ എന്നുമായിരുന്നു ട്വീറ്റിന് താഴെ പലരും കമന്റ് ചെയ്തത്. അതേസമയം സമാന്ത ഇതിനൊന്നും ചെവി കൊടുത്തില്ല. വിവാഹ മോചനത്തിന് ശേഷം കരിയറിന്റെ തിരക്കുകളിലാണ് സമാന്ത. ഖുശി, ശാകുന്തളം, യശോദ എന്നിവയാണ് സമാന്തയുടെ പുറത്തിറങ്ങാനുള്ള സിനിമകൾ.
