മലയാളത്തിൽ ഏറെ ആരാധകരുള്ള ടെലിവിഷൻ സീരിയലിന്റെ അമരക്കാരനും സംവിധായകനുമായ ആദിത്യന്റെ വിയോഗത്തിന്റെ ഞെട്ടലിൽ സീരിയൽ ലോകം. 47-ാം വയസിലാണ് ഹൃദയാഘാതത്തിന്റെ രൂപത്തിൽ ആദിത്യനെ മരണം തേടിയെത്തിയത്. തിരുവനന്തപുരത്ത് വച്ചായിരുന്നു ഹൃദയാഘാതം സംഭവിച്ചത്. തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലേക്ക് എത്തിക്കുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു.
പ്രേക്ഷകർ എക്കാലവും നെഞ്ചേറ്റിയ ഒരുപിടി ഹിറ്റ് സീരിയലുകളുടെ സംവിധായകൻ ആയിരുന്നു ആദിത്യൻ. ടെലിവിഷൻ രംഗത്ത് തൊട്ടതെല്ലാം പൊന്നാക്കിയ സംവിധായകൻ. സാന്ത്വനത്തെ കൂടാതെ ആദിത്യൻ സംവിധാനം ചെയ്ത അമ്മ, വാനമ്പാടി, ആകാശദൂത് തുടങ്ങിയവയെല്ലാം ജനപ്രിയ പരമ്പരകളായിരുന്നു. അടുത്തകാലത്ത് തലമുറ വ്യത്യാസമില്ലാതെ ഏറ്റെടുത്ത ടെലിവിഷൻ പരമ്പരയായിരുന്നു സാന്ത്വനം. കുടുംബ പ്രേക്ഷകർക്കൊപ്പം യുവതലമുറയും ശിവജ്ഞലിമാരെ പോലെ പരമ്പരയിലെ ഓരോ താരങ്ങളെയും ഏറ്റെടുത്തതിന്റെ കാരണവും ആദിത്യന്റെ സംവിധാന മികവ് കൂടിയായിരുന്നു. ടിആർപി റേറ്റിങ് ചാർട്ടുകളെ എന്നും അടക്കിവാണിരുന്ന പരമ്പരകളായിരുന്നു ആദിത്യൻ ഒരുക്കിയത്.
