ടെൽ അവീവ്: ഇസ്രയേല്‍-ഹമാസ് യുദ്ധത്തിനിടെ ഒക്‌ടോബർ ഏഴിന് ഹമാസ് തട്ടിക്കൊണ്ടുപോയ ജർമ്മൻ വനിത ഷാനി ലൂക്ക് മരിച്ചതായി സ്ഥിരീകരിച്ച് ഇസ്രയേൽ. ഷാനി ലൂക്ക് മരണപ്പെട്ട വിവരം സഹോദരി ആദി ലൂക്കും സ്ഥിരീകരിച്ചു. സോഷ്യൽ മീഡിയയിലൂടെയാണ് കുടുംബം ഷാനി ലൂക്കിന്‍റെ മരണവാർത്ത അറിയിച്ചത്. ഷാനി ലൂക്കിന്‍റെ മൃതദേഹം ഗാസയിൽ നിന്നാണ് ഇസ്രായേൽ സൈന്യം കണ്ടെത്തിയത്. ഹമാസ് സംഘം ടാറ്റൂ കലാകാരിയായ ഷാനി ലൂക്കിനെ അബോധാവസ്ഥയിൽ അർദ്ധനഗ്നയായി പിക്കപ്പ് ട്രക്കിൽ കെട്ടിയിട്ട് പര്യടനം നടത്തുന്ന വീഡിയോ നേരത്തെ പുറത്ത് വന്നിരുന്നു.
ഗാസ അതിർത്തിയിലുള്ള സംഗീത പരിപാടിയില്‍ പങ്കെടുക്കാൻ എത്തിയതായിരുന്നു 22 കാരിയായ ഷാനി ലൂക്ക്. ഇവിടെയാണ് ഹമാസിന്റെ ആദ്യ ആക്രമണം നടന്നത്. തുടർന്ന് ഷാനിയടക്കം നിരവധി സ്ത്രീകളെ ഹമാസ് സംഘം തടവിലാക്കുകയായിരുന്നു. ഹമാസ് സംഘം യുവതിയുടെ പുറത്ത് കയറി ഇരിക്കുന്നതും യുവതിയുടെ ദേഹത്ത് തുപ്പുന്നതുമെല്ലാം പുറത്തു വന്ന ദൃശ്യങ്ങളിലുണ്ടായിരുന്നു. ഹമാസ് പിടിയിലായ യുവതി കൊല്ലപ്പെട്ടതായി നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്തു വന്നെങ്കിലും ഇസ്രയേൽ ഇത് സ്ഥിരീകരിച്ചിരുന്നില്ല. മകള്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയിൽ ഷാനിയുടെ അമ്മയടക്കം പ്രതീക്ഷയോടെ കാത്തിരിക്കവേയാണ് മരണം ഇസ്രയേൽ സ്ഥിരീകരിക്കുന്നത്. ‘ഷാനിക്ക് നേരിട്ടത് അനുഭവിച്ചറിയാനാവാത്ത ഭീകരതയാണ്. ഞങ്ങളുടെ ഹൃദയം തകർന്നിരിക്കുന്നു’ എന്നാണ് വാർത്ത സ്ഥിരീകരിച്ച് ഇസ്രയേൽ സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. ഹമാസ് സംഘം അർദ്ധനഗ്നയായ യുവതിയുമായി നടത്തിയ പരേഡ് ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ അത് തന്‍റെ മകളാണെന്ന് ഷാനി ലൂക്കിന്റെ അമ്മ തിരിച്ചറിഞ്ഞിരുന്നു. ഇതിന് പിന്നാലെ തന്‍റെ മകളെ തിരികെ എത്തിക്കണം എന്ന ആവശ്യവുമായി ഷാനിയുടെ അമ്മ റിക്കാർഡ രംഗത്തെത്തി. റിക്കാർഡയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു.
