Friday, March 14, 2025
spot_img
More

    Latest Posts

    രാജ്യ തലസ്ഥാനത്തെ തെരുവിൽ ‘നാട്ടു നാട്ടു’വിന് ചുവടുവെച്ച് ജർമൻ അംബാസിഡറും സംഘവും:

    നാട്ടു നാട്ടു ഓസ്‌കര്‍ നേടിയതിന്‍റെ ആഘോഷം ഇനിയും അവസാനിച്ചിട്ടില്ല. ഇതിന്‍റെ ഭാഗമായിരിക്കുകയാണ് ജര്‍മന്‍ എംബസിയും. ഡല്‍ഹിയിലെ തെരുവില്‍ എംബസിയിലെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം ‘നാട്ടു നാട്ടു’വിന് നൃത്തച്ചുവടുകള്‍ വയ്‌ക്കുന്ന ജര്‍മന്‍ അംബാസഡര്‍ ഡോ. ഫിലിപ്പ് അക്കര്‍മാന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. സംഘം ചെങ്കോട്ടയ്ക്ക് സമീപം ഫ്ലാഷ് മോബ് അവതരിപ്പിക്കുന്നതും ‘നാട്ടു നാട്ടു’വിനൊത്ത് ചുവടുകള്‍ വയ്‌ക്കുന്നതുമാണ് വീഡിയോയില്‍.

    ജര്‍മന്‍ അംബാസഡര്‍ വീഡിയോ തന്‍റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്കുവച്ചിട്ടുണ്ട്. ‘ജര്‍മന്‍കാര്‍ക്ക് നൃത്തം ചെയ്യാന്‍ കഴിയില്ലേ? ഓസ്‌കര്‍ 95ലെ ‘നാട്ടു നാട്ടു’വിന്‍റെ വിജയം ഞാനും എന്‍റെ ഇന്‍ഡോ-ജര്‍മന്‍ ടീമും ആഘോഷിച്ചു. വളരെ മികച്ചതല്ല. പക്ഷേ രസകരമാണ് ! നന്ദി. ഇങ്ങനെ ഒരു ആശയത്തിന് ഞങ്ങളെ പ്രചോദിപ്പിച്ച കൊറിയന്‍ എംബസിക്ക് നന്ദി. രാം ചരണിനും ‘ആര്‍ആര്‍ആര്‍’ ടീമിനും അഭിനന്ദനങ്ങള്‍. എംബസി ചലഞ്ച് ആരംഭിച്ചിരിക്കുന്നു. ഇനി അടുത്തത് ആരാണ് ?’ -ഡോ.ഫിലിപ്പ് അക്കര്‍മാന്‍ വീഡിയോയ്‌ക്കൊപ്പം കുറിച്ചു.

    നിരവധി അഭിനന്ദന കമന്‍റുകളാണ് വീഡിയോയ്‌ക്ക് താഴെ ലഭിച്ചുകൊണ്ടിരിക്കുന്നത്.’അതിശയകരം!! മനുഷ്യ ഭാവത്തിന്‍റെ ഏറ്റവും വലിയ രൂപമാണ് നൃത്തം. എല്ലായിടത്തും ‘നാട്ടു നാട്ടു’. എംബസി ചലഞ്ച്’ – ഇപ്രകാരമാണ് ഒരു ഉപയോക്താവ് കുറിച്ചത്. ‘ഹഹ…ഇതെത്ര മനോഹരമാണ്!!!’-മറ്റൊരാള്‍ കുറിച്ചു. 95ാമത് ഓസ്‌കര്‍ അക്കാദമി അവാര്‍ഡില്‍ ‘ഒറിജിനല്‍ സോംഗ്’ വിഭാഗത്തില്‍ നാമനിര്‍ദേശം ചെയ്യപ്പെടുകയും അവാര്‍ഡ് നേടുകയും ചെയ്‌ത ആദ്യത്തെ തെലുഗു ഗാനമാണ് ‘നാട്ടു നാട്ടു’. റിഹാന, ലേഡി ഗാഗ തുടങ്ങി പ്രമുഖരെ മറികടന്നാണ് ‘നാട്ടു നാട്ടു’ ഈ അംഗീകാരം നേടിയത്.

    Latest Posts

    spot_imgspot_img

    Don't Miss

    Stay in touch

    To be updated with all the latest news, offers and special announcements.