സൈലന്റ് ആയി വന്ന് ഹിറ്റടിച്ച് പോകുന്ന സിനിമകളുടെ ട്രെന്റ് ഇപ്പോൾ മലയാള സിനിമയിൽ ഉണ്ട്. രോമാഞ്ചം ആയിരുന്നു ഈ വർഷം അതിന് തുടക്കമിട്ടത്. ഒടുവിൽ ഇക്കൂട്ടത്തിൽ എത്തിയ സിനിമ ആയിരുന്നു കണ്ണൂർ സ്ക്വാഡ്. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി റോബി വർഗീസ് രാജ് സംവിധാനം ചെയ്ത ചിത്രത്തിൽ നായകനായി എത്തിയത് മമ്മൂട്ടിയാണ്. പൊതുവിൽ ഒരു സൂപ്പർ താര ചിത്രം വരുമ്പോൾ വൻ ഹൈപ്പാണ് ലഭിക്കുന്നത്. എന്നാൽ കണ്ണൂർ സ്ക്വാഡിന്റെ കാര്യത്തിൽ നേരെ തിരിച്ചായിരുന്നു കാര്യങ്ങൾ. ഒടുവിൽ ചിത്രം തിയറ്ററിൽ എത്തിയപ്പോൾ പ്രേക്ഷകർ ഒന്നാകെ പറഞ്ഞു ‘ഇത് മലയാളത്തിന്റെ സ്ക്വാഡ്’. മൗത്ത് പബ്ലിസിറ്റിയിൽ മുന്നിൽ നിന്ന ചിത്രം 100 കോടി ക്ലബ്ബിലും ഇടംപിടിച്ചു. ഈ അവസരത്തിൽ തിരക്കഥാ കൃത്തുക്കളിൽ ഒരാളായ റോണി ഡേവിഡ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. ആദ്യമായി ഒരു സബ്ജക്റ്റ് നരേറ്റ് ചെയ്യുമ്പോൾ, അത് ബാക്കപ്പ് ചെയ്യാൻ പ്രൊഡക്ഷൻ കാണിക്കുന്ന വിശ്വാസം. അതിന് മമ്മൂട്ടി കമ്പനിക്ക് ഒരു കുതിര പവൻ എന്ന് റോണി പറയുന്നു. ഷാഫിയോടൊപ്പം തുടങ്ങിയ യാത്ര പിന്നീട് റോബിയും, റഹേലും ആദർശും, കൂടി ചേർന്നപ്പോൾ ഒരു പാണ്ഡവ പടയായി. പാണ്ഡവർ എത്ര സഹനങ്ങളിൽ കൂടി കടന്നുപോയാലും അവസാനം യുദ്ധം ജയിച്ച ചരിത്രമല്ലേ ഉള്ളൂവെന്നും റോണി പറഞ്ഞു.




