തെന്നിന്ത്യൻ പ്രേക്ഷകരുടെ ഹരമായ ഹീറോയാണ് പ്രഭാസ്. നാൽപത്തി രണ്ടുകാരനായ പ്രഭാസ് ലോകമറിയുന്ന നടനായി മാറിയത് ബാഹുബലി സീരിസ് റിലീസ് ചെയ്ത ശേഷമാണ്. യഥാർഥ പേരായ ഉപ്പളപറ്റി വെങ്കട സൂര്യനാരായണ പ്രഭാസ് രാജു എന്നത് സിനിമയ്ക്കായി ചുരുക്കിയാണ് പ്രഭാസ് എന്നാക്കിയത്.
തെന്നിന്ത്യൻ സിനിമയിൽ നിന്നും ലണ്ടനിലെ മെഴുകു മ്യൂസിയത്തിൽ ആദ്യമായി പ്രതിമയൊരുങ്ങിയ താരം എന്ന ക്രെഡിറ്റും പ്രഭാസിന് തന്നെയാണ്. 2002ല്‍ പുറത്തിറങ്ങിയ ഈശ്വര്‍ എന്ന ചിത്രത്തിലൂടെയായിരുന്നു പ്രഭാസിന്റെ അരങ്ങേറ്റം.
ഇന്ത്യയിലെ ചിലവേറിയ ചിത്രമെന്ന റെക്കോര്‍ഡുമായി എത്തിയ ബഹുഭാഷ ചിത്രമായ ബാഹുബലിയില്‍ നായകവേഷമാണ് ഇദ്ദേഹം ചെയ്തത്. വര്‍ഷം, ഛത്രപതി, ചക്രം, ബില്ല, മിസ്റ്റര്‍ പെര്‍ഫെക്റ്റ് തുടങ്ങി നിരവധി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മിര്‍ച്ചി എന്ന ചിത്രത്തിലെ അഭിനയത്തിന് അദ്ദേഹത്തിന് ആന്ധ്രപ്രദേശ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
2014 ല്‍ ഇറങ്ങിയ ആക്ഷന്‍ ജാക്‌സണ്‍ എന്ന ഹിന്ദി ചിത്രത്തില്‍ പ്രഭാസ് ഒരു അതിഥി വേഷത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. തെലുങ്ക് ചലച്ചിത്ര നിര്‍മാതാവായിരുന്ന യു.സൂര്യനാരായണ രാജുവിന്റേയും ഭാര്യ ശിവകുമാരിയുടേയും മൂന്ന് മക്കളില്‍ ഇളയവനായി മദ്രാസിലാണ് പ്രഭാസ് ജനിച്ചത്.
സ്‌കൂള്‍ വിദ്യാഭ്യാസം ഭീമവരത്തെ ഡിഎന്‍ആര്‍ വിദ്യാലയത്തില്‍ ആയിരിന്നു. ഹൈദരാബാദിലെ ശ്രീ ചൈതന്യ കോളജില്‍ നിന്ന് ബി.ടെക് ബിരുദവും പ്രഭാസ് നേടിയിട്ടുണ്ട്. തെലുങ്ക് നടന്‍ കൃഷ്ണം രാജു പ്രഭാസിന്റെ അമ്മാവനാണ്.
ബാഹുബലിക്ക് ശേഷം തിരക്കുള്ള വലിയ താരമൂല്യമുള്ള നടനാണ് പ്രഭാസ്. ഒരു ദിവസം പോലും ഒഴിവില്ലാതെ താരം ഷൂട്ടിങ് തിരക്കിലാണ്. മാത്രമല്ല സൗത്ത് ഇന്ത്യയിൽ പതിവായി വാർത്തകളിൽ നിറയാറുള്ള താരവും പ്രഭാസ് തന്നെയാണ്.
പ്രശസ്ത തെലുങ്ക് സംവിധായകനായിരുന്ന മാരുതി സംവിധാനം ചെയ്യാനിരുന്ന പ്രഭാസ് ചിത്രത്തിൽ നിന്ന് തെലുങ്കിലെ വമ്പൻ നിർമാതാവ് ഡിവിവി ധനയ്യ പിന്മാറിയെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.
തെലുങ്ക് ഫിലിം പോർട്ടലായ ഗ്രേറ്റ് ആന്ധ്രാ ഡോട്ട് കോമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഡിവിവി ദനയ്യ പദ്ധതി ഉപേക്ഷിച്ചതായി ഗോസിപ്പുകളുണ്ടെന്ന് പോർട്ടൽ അറിയിച്ചു.
ചിത്രത്തിനായി ഡിവിവി ദനയ്യ ബാഹുബലി താരത്തിന് 50 കോടി രൂപ അഡ്വാൻസ് നൽകിയതായും റിപ്പോർട്ടിൽ പറയുന്നു. പ്രഭാസിന് ഡേറ്റില്ലാത്തതിനാലാണ് കാത്തിരിക്കാൻ താൽപര്യമില്ലാത്തതെ നിർമാതാവ് പിന്മാറിയതെന്നാണ് റിപ്പോർട്ട്.
നാഗ് അശ്വിന്റെ പ്രൊജക്ട് കെയുടെ ചിത്രീകരണവും ആദിപുരുഷ്, സലാർ എന്നിവയുടെ ഡബ്ബിങും ഇപ്പോൾ പ്രഭാസ് ചെയ്തുകൊണ്ടിരിക്കുകയാണ്.
ഒരു ദിവസം പോലും താരത്തിന് ഒഴിവില്ല. ഇനിയൊരു പുതിയ സിനിമയുടെ ഭാഗമാകണമെങ്കിൽ കുറച്ച് കാല താമസം പ്രഭാസിന് വരും. അത് മനസിലാക്കിയാണ് നിർമാതാവ് പിന്മാറിയത്.
നിർമാതാവ് ഡിവിവി ധനയ്യ പിന്മാറിയതോടെ വീണ്ടും നിർമ്മാതാവിനെ തേടുകയാണ് മാരുതി സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്ന പ്രഭാസ് സിനിമയുെട അണിയറപ്രവർത്തകർ.
പ്രഭാസിന് 50 കോടി രൂപ അഡ്വാൻസ് നൽകാനും തീയതികൾക്കായി ക്ഷമയോടെ കാത്തിരിക്കാനും കഴിയുന്ന ഒരാളെയാണ് അണിയറപ്രവർത്തകർക്ക് വേണ്ടത്. യുവി ക്രിയേഷൻസ് ഈ പ്രോജക്റ്റ് ഏറ്റെടുത്തേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. സാഹോയിലും രാധേ ശ്യാമിലും പ്രഭാസ് ഇവർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.
കൂടാതെ മറ്റൊരു വലിയ വിതരണക്കാരനും നിർമ്മാതാവും മാരുതി സംവിധാനം ചെയ്യാൻ പോകുന്ന ഈ പ്രോജക്ട് ഏറ്റെടുക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. രാജാ ഡീലക്സ് എന്നാണ് ചിത്രത്തിന് താൽക്കാലികമായി പേരിട്ടിരിക്കുന്നത്. ഒരു കോമഡി ചിത്രമായിരിക്കും.
മാരുതിയുടെ കഴിഞ്ഞ കുറച്ച് ചിത്രങ്ങൾ ബോക്‌സ് ഓഫീസിൽ തകർന്നിരുന്നു. മാളവിക മോഹനായിരിക്കും ചിത്രത്തിലെ നായിക. പ്രഭാസിന്റെ സലാർ 2023 സെപ്റ്റംബർ 28ന് തിയേറ്ററുകളിൽ എത്തും. ശ്രുതി ഹാസനെ നായികയാക്കി പ്രശാന്ത് നീലാണ് സലാർ നിർമ്മിച്ചിരിക്കുന്നത്.




