തെലുങ്ക് സിനിമയിൽ നിന്നും ഉയർന്ന് വന്ന പാൻ ഇന്ത്യൻ താരമാണ് പ്രഭാസ്. ബാഹുബലി എന്ന സിനിമയ്ക്ക് ശേഷമാണ് പ്രഭാസ് മലയാളി പ്രേക്ഷകർക്കും സുപരിചിതനാവുന്നത്. അല്ലു അർജുൻ, രാം ചരൺ തുടങ്ങിയ താരങ്ങൾ നേരത്തെ തന്നെ മലയാളികൾക്ക് സുപരിചിതനാണെങ്കിലും പ്രഭാസ് അന്നൊന്നും ഇത്ര പ്രശസ്തി ആന്ധ്രയ്ക്ക് പുറത്ത് നേടിയിട്ടില്ല.
അതേസമയം ആന്ധ്രയിൽ അന്നേ പ്രഭാസ് താരമാണ്. രാജമൗലി ഒരുക്കിയ ബാഹുബലി എന്ന സിനിമയ്ക്ക് ശേഷം പ്രഭാസിന്റെ കരിയർ മാറി മറിഞ്ഞു. ഇന്ത്യയൊട്ടുക്കും പ്രഭാസ് ആഘോഷിക്കപ്പെട്ടു.
ഇന്ത്യയിലെ ബോക്സ് ഓഫീസ് റെക്കോഡുകൾ ബാഹുബലിയുടെ രണ്ടാം ഭാഗം തകർത്തെറിഞ്ഞു. അന്നും ഇന്നും ബാഹുബലി എന്ന സിനിമയിലൂടെയാണ് പ്രഭാസ് അറിയപ്പെടുന്നത്. കരിയറിലെ നാഴികക്കല്ലായ സിനിമ ആയെങ്കിലും ഈ സിനിമയുടെ വിജയം പലപ്പോഴും പ്രഭാസിന് തന്നെ വെല്ലുവിളിയായിട്ടുമുണ്ട്.
ബാഹുബലിക്ക് ശേഷമിറങ്ങുന്ന നടന്റെ ഏത് സിനിമയും ബാഹുബലിയുമായി താരതമ്യം ചെയ്യപ്പെടുകയാണ്. ബാഹുബലിക്ക് ശേഷം പ്രഭാസിന്റേതായി പുറത്തിറങ്ങിയ സിനിമകളൊന്നും കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല.
രാധേ ശ്യാം എന്ന സിനിമ വൻ ട്രോളുകൾക്കിരയാവുകയും ചെയ്തു. കരിയർ ഗ്രാഫ് പരിശോധിക്കുമ്പോൾ ഇന്ന് മോശം സമയത്താണ് പ്രഭാസുള്ളത്. പുറത്തിറങ്ങാനിരിക്കുന്ന ആദിപുരുഷ് എന്ന സിനിമയുടെ ടീസറും സോഷ്യൽ മീഡിയയിലെ ട്രോളുകൾക്കിരയായി. കാർട്ടൂണിന് സമാനമായ വിഎഫ്എക്സാണ് സിനിമയിലെന്നായിരുന്നു പലരും ചൂണ്ടിക്കാട്ടിയത്.
ആദിപുരുഷിൽ വലിയ പ്രതീക്ഷ ആരാധകർക്കില്ല. സലാർ, പ്രൊജക്ട് കെ എന്നീ വരാനിരിക്കുന്ന സിനിമകളിലാണ് ആരാധകരുടെ പ്രതീക്ഷകളത്രയും. പഴയ പ്രഭാസിനെ തിരിച്ചു കിട്ടുമെന്ന വിശ്വാസം ആരാധകർക്കുണ്ട്. അതേസമയം സോഷ്യൽ മീഡിയയിൽ ഇപ്പോഴും പ്രഭാസിനെതിരെ ഹേറ്റ് ക്യാമ്പയിനും നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ പ്രഭാസിന്റെ പേരിൽ ഒരു ചിത്രം പ്രചരിക്കുന്നുണ്ട്.
നടൻ രജനികാന്തിനൊപ്പം നിൽക്കുന്ന പ്രഭാസിനെയാണ് ചിത്രത്തിൽ കാണാനാവുന്നത്. പ്രഭാസിന്റെ ഇന്നത്തെ രൂപമാണിത്, നടനാകെ മാറി, ആരോഗ്യവും പഴയ ലുക്കും പോയെന്ന തരത്തിൽ പ്രചരണവും നടന്നു. എന്നാൽ യഥാർത്ഥത്തിൽ ഇത് മോർഫ് ചെയ്ത ചിത്രമാണ്.
രജിനീകാന്തിനൊപ്പമുള്ള മറ്റൊരാളാണിത്. ഇയാളുടെ മുഖത്തിന്റെ സ്ഥാനത്ത് പ്രഭാസിന്റെ മുഖം മോർഫ് ചെയ്ത് വെച്ചതാണ്. ഇതറിയാതെയും അറിഞ്ഞ് കൊണ്ടും നിരവധി പേർ പ്രഭാസിനെ അധിക്ഷേപിച്ചു. പൊതുവെ തെലുങ്കിലെ ആരാധകർക്ക് പരസ്പരം പോരടിക്കുന്ന സ്വഭാവം കൂടുതലാണ്. ഒരു സൂപ്പർ സ്റ്റാർ കരിയറിൽ താഴ്ച നേരിടുമ്പോഴുണ്ടാവുന്ന പ്രശ്നങ്ങളാണ് പ്രഭാസിപ്പോൾ നേരിടുന്നത്. നാളുകളായി നടനെതിരെ ഇത്തരം ആക്രമണങ്ങൾ വന്ന് കൊണ്ടിരിക്കുകയാണ്. കരിയറിൽ ശക്തമായ ഒരു തിരിച്ച് വരവ് പ്രഭാസിനെ സംബന്ധിച്ച് അനിവാര്യമായിരിക്കുകയാണ്. പ്രത്യേകിച്ചും തെലുങ്ക് ഇൻഡസ്ട്രി ഇന്ന് ആഗോള തലത്തിൽ അറിയപ്പെടുന്ന സാഹചര്യത്തിൽ. തെലുങ്ക് ചിത്രം ആർആർആറിലെ ഗാനം കഴിഞ്ഞ ദിവസമാണ് ഓസ്കാർ പുരസ്കാരം നേടിയത്.
രാം ചരൺ, ജൂനിയർ എൻടിആർ തുടങ്ങിയവരെല്ലാം ഇന്ന് ആഗോള തലത്തിൽ അറിയപ്പെടുന്ന താരമായി. തെലുങ്ക് സിനിമയിൽ നിന്നു ആദ്യം ഉയർന്ന് വന്ന പാൻ ഇന്ത്യൻ താരമായ പ്രഭാസിനിപ്പോഴും പ്രേക്ഷക മനസ്സിൽ സ്ഥാനമുണ്ട്. ശക്തമായി നടൻ തിരിച്ചു വരുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. സലാർ, പ്രൊജക്ട് കെ എന്നിവയുടെ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുകയാണ്. മലയാളി താരം പൃഥിരാജും സലാറിൽ അഭിനയിക്കുന്നുണ്ട്. അതിനാൽ മലയാളികളും സിനിമയ്ക്കായി കാത്തിരിക്കുന്നു.
