ബോളിവുഡിലെ പ്രിയ താര ജോഡികളാണ് രൺവീർ സിംഗും ദീപിക പദുകോണും. കരിയറിന്റെ മികച്ച സമയത്ത് നിൽക്കുന്ന ഇരുവരും ഇതിനോടം നിരവധി ഹിറ്റുകൾ ബോളിവുഡിൽ സൃഷ്ടിച്ചു. ബോളിവുഡിലെ ഏറ്റവും താരമൂല്യമുള്ള നായിക നടിയായി ദീപിക മാറിയപ്പോൾ യുവ നടൻമാരിലെ ഐക്കൺ ആയി രൺവീർ സിംഗ്. ഇരുവരും ഒരുമിച്ചഭിനയിച്ച രാം ലീല, ബാജിരാവോ മസ്താനി, പദ്മാവത് എന്നീ സിനിമകൾ സൂപ്പർ ഹിറ്റായിരുന്നു.
കരിയറിൽ പരസ്പരം വലിയ പിന്തുണ നൽകുന്ന രൺവീറും ദീപികയും തങ്ങളുടെ വ്യക്തിജീവിത്തിലെ വിശേഷങ്ങളും ഇടയ്ക്ക് ആരാധകരമായി പങ്കുവെക്കാറുണ്ട്. തങ്ങളുടെ ബന്ധത്തിന്റെ ഏറ്റവും നല്ല വശത്തെ പറ്റി മുമ്പൊരിക്കൽ ഫിലിം ക്രിട്ടിക് അനുപമ ചോപ്രയുമായുള്ള അഭിമുഖത്തിൽ ദീപിക തുറന്നു പറഞ്ഞിട്ടുണ്ടായിരുന്നു.
ആശയ വിനിമയമാണ് തങ്ങളുടെ ബന്ധത്തിന്റെ കാതൽ എന്നാണ് ദീപിക പറഞ്ഞത്. എല്ലാകാര്യങ്ങളും പരസ്പരം സംസാരിക്കുന്നത് വിവാഹ ജീവിതം എളുപ്പമാക്കുന്നു. ചില കാര്യങ്ങളിൽ ഇടയ്ക്ക് അഭിപ്രായ വ്യത്യാസം ഉണ്ടാവാറുണ്ട്. പക്ഷെ എപ്പോഴും ഒരു ധാരണയിലെത്തുമെന്നും ദീപിക പറഞ്ഞു.
‘അതെ അവൻ വിജയിക്കുന്ന തർക്കങ്ങൾ ഉണ്ടാവാറുണ്ട്. എനിക്ക് ശരി ഫൈൻ എന്ന് പറയേണ്ടി വരും. ചില സമയങ്ങളിൽ ഞാൻ എന്തെങ്കിലും പറഞ്ഞേക്കാം. എന്റെ വിശ്വാസത്തിൽ ഞാൻ ഉറച്ചു നിൽക്കുകയും അവൻ ശരി, പക്ഷെ ഞാൻ വിയോജിക്കുന്നു എന്ന് പറയുകയും ചെയ്യും,’ ദീപിക പദുകോൺ പറഞ്ഞു.
2018 ലാണ് ദീപികയും രൺവീറും വിവാഹിതരായത്. വിവാഹ ശേഷവും ഇരുവരും തങ്ങളുടെ കരിയർ തിരക്കുകളിലേക്ക് നീങ്ങി. ആമസോൺ പ്രെെമിൽ റിലീസ് ചെയ്ത ഗെഹരിയാനാണ് ദീപികയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. 83 യാണ് രൺവീറിന്റെ അവസാന സിനിമ. രണ്ട് ചിത്രങ്ങൾക്കും സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്.
നിരവധി ബിഗ് ബജറ്റ് സിനിമകളാണ് ദീപികയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്. ഷാരൂഖ് ഖാനൊപ്പം അഭിനയിക്കുന്ന പഥാൻ ആണ് ഇതിലൊന്ന്. തെന്നിന്ത്യൻ താരം പ്രഭാസിനൊപ്പം അഭിനയിക്കുന്ന പ്രൊജക്ട് കെയാണ് മറ്റൊരു സിനിമ. ഹൃതിക് റോഷനൊപ്പമഭിനയിക്കുന്ന ഫൈറ്ററും അണിയറയിൽ ഒരുങ്ങുകയാണ്.
പേര് പ്രഖ്യാപിച്ചിട്ടില്ലാത്ത ഒരു ഹോളിവുഡ് സിനിമയിലും ദീപിക എത്തുന്നുണ്ട്. നേരത്തെ XXX റിട്ടേൺ ഓഫ് സാൻഡെർ കേജ് എന്ന ഹോളിവുഡ് സിനിമയിൽ ദീപിക അഭിനയിച്ചിരുന്നു. സർകസ്, റോക്കി ഓർ റാണി കി പ്രേം കഹാനി തുടങ്ങിയ സിനിമകളാണ് രൺവീറിന്റേതായി പുറത്തിറങ്ങാനുള്ളത്.
രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന സർക്കസ് ഡിസംബർ 18 നാണ് തിയറ്ററുകളിലെത്തുക. പൂജ ഹെഗ്ഡെ, ജാക്വിലിൻ ഫെർണാണ്ടസ്, വരുൺ ശർമ്മ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ഒരു ഇടവേളയ്ക്ക് ശേഷം കരൺ ജോഹർ സംവിധാനം ചെയ്യുന്ന സിനിമയാണ് റോക്കി ഓർ റാണി കീ പ്രേം കഹാനി. ചിത്രത്തിൽ ആലിയ ഭട്ടാണ് നായികയായെത്തുന്നത്. ഗള്ളി ബോയ് എന്ന സിനിമയ്ക്ക് ശേഷം ആലിയയും രൺവീറും ഒരുമിച്ച് അഭിനയിക്കുന്ന സിനിമ കൂടിയാണിത്.
