തിയേറ്ററുകൾക്ക് ഉണർവേകി ജോഷി – സുരേഷ് ഗോപി ചിത്രം ‘പാപ്പൻ’ പ്രദർശനം തുടരുകയാണ്. കഴിഞ്ഞ ആഴ്ച റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ജോഷിയിലെ മാസ്റ്റർ ക്രാഫ്റ്റ്‌സ്മാനെയും സുരേഷ് ഗോപിയെയും അഭിനന്ദിച്ചു നിരവധി പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. പൊലീസ് വേഷത്തിൽ സുരേഷ് ഗോപിയുടെ ഗംഭീര തിരിച്ചുവരവായാണ് ആരാധകർ ചിത്രത്തെ വിലയിരുത്തുന്നത്.
അതിനിടെ, ചിത്രത്തിൽ ശ്രദ്ധേയകഥാപാത്രത്തെ അവതരിപ്പിച്ച ഷമ്മി തിലകനെ അഭിനന്ദിച്ചു രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ വിനോദ് ഗുരുവായൂർ. കഥയിൽ ഏറെ പ്രാധാന്യമുള്ള ഇരുട്ടൻ ചാക്കോ എന്ന കഥാപാത്രത്തെയാണ് ഷമ്മി അവതരിപ്പിച്ചിരിക്കുന്നത്. അധികം സീനുകളിൽ ഒന്നുമില്ലെങ്കിലും ഷമ്മി തിലകൻ ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നുണ്ടെന്നും പ്രകടനം കൊണ്ട് അദ്ദേഹം തിലകനെ ഓർമിപ്പിക്കുന്നുണ്ടെന്നും പറയുകയാണ് ഫേസ്ബുക്ക് പോസ്റ്റിൽ വിനോദ് ഗുരുവായൂർ.
വിനോദ് ഗുരുവായൂരിന്റെ കുറിപ്പ് ഇങ്ങനെ, “നമുക്ക് നഷ്ടമായ തിലകൻ ചേട്ടൻ തിരിച്ചു വന്നിരിക്കുന്നു, അദ്ദേഹത്തിന്റെ മകനിലൂടെ… പാപ്പനിൽ. അധികം സീനിലൊന്നും ചാക്കോ എന്ന ഷമ്മി ചേട്ടൻ ഇല്ലെങ്കിൽ കൂടി, സിനിമ യിൽ നിറഞ്ഞു നിൽപ്പുണ്ട് ചാക്കോ. ജോഷി സർ ലോഹിതദാസ് സർ ടീം ഒരുക്കിയ കൗരവർ എന്ന സിനിമയിലെ തിലകൻ ചേട്ടനെ ഇന്നും മനസ്സിൽ സൂക്ഷിച്ചിട്ടുണ്ട്.”
“അതുപോലെ ചാക്കോ വർഷങ്ങൾ കഴിഞ്ഞാലും നമ്മുടെ മനസ്സിലുണ്ടാകും. തിലകൻ ചേട്ടനോളൊപ്പം എന്നല്ല.. എന്നാലും അദ്ദേഹം ചെയ്തിരുന്ന വേഷങ്ങൾ നമുക്ക് ധൈര്യമായി ഇദ്ദേഹത്തെ ഏല്പിക്കാം… മോശമാക്കില്ല…. ഭാവിയിൽ തിലകൻ ചേട്ടന് മുകളിൽ നിൽക്കുന്ന മകനെ മലയാള സിനിമ ഉപയോഗിക്കട്ടെ.. ജോഷി സർ പല നടന്മാരുടെയും, അവരുടെ ബെസ്റ്റ് നമുക്ക് കാണിച്ചു തന്നിട്ടുണ്ട്, ഇപ്പോൾ ഷമ്മി തിലകന്റെ ഇരുട്ടൻ ചക്കൊയും ….” അദ്ദേഹം കുറിച്ചു.
കഴിഞ്ഞ ദിവസം ഇരുട്ടൻ ചാക്കോയെ തനിക്ക് നൽകിയതിന് ഷമ്മി സംവിധായകൻ ജോഷിയോട് ഫേസ്‌ബുക്കിലൂടെ നന്ദി പറഞ്ഞിരുന്നു. ‘നന്ദി ജോഷിസർ, എനിക്ക് നൽകുന്ന “കരുതലിന്”, എന്നെ പരിഗണിക്കുന്നതിന്..! എന്നിലുള്ള വിശ്വാസത്തിന്..! ലൗ യു ജോഷി സാർ’ എന്നായിരുന്നു ഷമ്മി പറഞ്ഞത്. പോസ്റ്റിന് താഴെ ഷമ്മിയെ അഭിനന്ദിച്ച് നിരവധി ആരാധകരും എത്തിയിരുന്നു.
നേരത്തെ, ‘ജോജി’ എന്ന ചിത്രത്തിലെ ഷമ്മിയുടെ കഥാപാത്രവും ‘ജനഗണമന’യിലെ അഡ്വക്കേറ്റ് രഘുറാം അയ്യർ എന്ന കഥാപത്രവും ഏറെ ശ്രദ്ധനേടിയിരുന്നു. അതിനു പിന്നാലെയാണ് ‘പാപ്പനി’ലെ ഇരുട്ടൻ ചാക്കോയും ഷമ്മിയ്ക്ക് മികച്ച പ്രതികരണങ്ങൾ നേടി കൊടുക്കുന്നത്.
അതേസമയം, ജൂലൈ 29ന് തിയേറ്ററുകളിൽ എത്തിയ ‘പാപ്പൻ’ ഗംഭീര ഹിറ്റിലേക്ക് കുതിക്കുകയാണ്. ആദ്യ മൂന്ന് ദിനങ്ങൾ പൂർത്തിയാകുമ്പോൾ തന്നെ ചിത്രം തിയറ്ററുകളിൽ നിന്ന് 11.56 കോടി സ്വന്തമാക്കിയെന്നാണ് കണക്കുകൾ. ആദ്യ ദിനം തന്നെ ചിത്രം 3.16 കോടി നേടിയിരുന്നു. രണ്ടാം ദിനം 3.87 കോടിയായിരുന്നു കളക്ഷൻ. സുരേഷ് ഗോപിയുടെ എക്കാലത്തെയും മികച്ച ഓപണിംഗ് കളക്ഷനാണിതെന്നാണ് വിലയിരുത്തൽ.
ലേലം, പത്രം, വാഴുന്നോർ, സലാം കശ്മീർ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രമാണ് ‘പാപ്പൻ’. ആർ ജെ ഷാനാണ് തിരക്കഥ. സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇവരെ കൂടാതെ അജ്മൽ അമീർ, ആശ ശരത്, ടിനി ടോം, രാഹുൽ മാധവ്, ചന്തുനാഥ്, സാധിക, സജിത മഠത്തിൽ, നന്ദു, കനിഹ, നൈല ഉഷ എന്നിവരാണ് മറ്റു അഭിനേതാക്കൾ.
