‘മഹേഷിന്റെ പ്രതികാരം’ എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനസിൽ ഇടംനേടിയ നടിയാണ് ലിജോ മോൾ. പിന്നീട് കട്ടപ്പനയിലെ ഹൃത്വിക് റോഷൻ, ഹണീ ബീ 2 തുടങ്ങി സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്ത നടി, മലയാള സിനിമയിൽ തന്റെ സ്ഥാനം വരച്ചിടുക ആയിരുന്നു. എന്നാൽ മലയാളികൾക്ക് മാത്രമല്ല തമിഴ്നാട്ടിലും ഇന്ന് ലിജോ പ്രിയപ്പെട്ടവളാണ്. അതിന് കാരണമാകട്ടെ സൂര്യ നായകനായി എത്തിയ ‘ജയ് ഭീം’ എന്ന ചിത്രവും. പ്രേക്ഷക നിരൂപക പ്രശംസ പിടിച്ചു പറ്റിയ ചിത്രത്തിൽ ഇരുളർ വിഭാഗത്തിൽപ്പെട്ട സെങ്കിനി എന്ന കഥാപാത്രത്തെ ആണ് ലിയോ അവതരിപ്പിച്ചത്. ഇപ്പോഴിതാ സിനിമ പുറത്തിറങ്ങി രണ്ട് വർഷം പിന്നിടുമ്പോൾ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
ജയ് ഭീമിൽ ലിജോ മോളുടെ കഥാപാത്രത്തെ കുറിച്ചും അതിനായുള്ള തയ്യാറെടുപ്പുകളെ പറ്റിയും വീഡിയോയിൽ വിവരിക്കുന്നുണ്ട്. ഒപ്പം ചിത്രത്തിലെ മറ്റൊരു കഥാപാത്രം ആയ രാജാക്കണ്ണിനെ അവതരിപ്പിച്ച മണികണ്ഠനെ കുറിച്ചും പറയുന്നുണ്ട്. ഇരുവരും സിനിമയ്ക്ക് വേണ്ടി നടത്തിയ സമർപ്പണവും ത്യാഗവും വീഡിയോയിൽ വളരെ വ്യക്തവുമാണ്. രാജാക്കണ്ണ്, സെങ്കനി എന്നീ കഥാപാത്രങ്ങൾക്കായി നിരവധി ഒഡിഷൻ നടത്തിയെന്നും ഒടുവിൽ ലിജോയിലേക്കും മണികണ്ഠനിലേക്കും എത്തിച്ചേരുക ആയിരുന്നുവെന്നും സംവിധായകൻ പറയുന്നു. കഥാപാത്രം ആകാൻ ലിജോ മോൾ രണ്ട് മാസം ആണ് ഇരുളർ വിഭാഗത്തോടൊപ്പം ജീവിച്ചത്. ഇരുളർ വിഭാഗത്തിൽ ഉള്ളവർ എങ്ങനെ ആണോ ജീവിക്കുന്നത് അതുപോലെ ലിജോയും മണികണ്ഠനും കഴിഞ്ഞു.




