ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും ഡെഡിക്കേറ്റഡായ നടന്മാരിൽ ഒരാളാണ് ചിയാൻ വിക്രം. തന്റെ സിനിമയിലെ കഥാപാത്രത്തിന് വേണ്ടി ഏത് അറ്റം വരേയും പോകാൻ വിക്രം തയ്യാറാണ്. സിനിമ വിക്രത്തിന്റെ ജീവവായുവാണ്. സൂപ്പർ താരങ്ങൾ പോലും വർഷങ്ങളായി ഒറ്റ ലുക്ക് വെച്ച് സിനിമകൾ ചെയ്യുമ്പോൾ വിക്രം ഓരോ സിനിമയിലും എന്തെങ്കിലും വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിക്കും.
സിനിമയ്ക്ക് വേണ്ടി ശരീര ഭാരം കുറയ്ക്കാനോ പട്ടിണി കിടക്കാനോ വിക്രത്തിന് യാതൊരു മടിയുമില്ല. 12ആം വയസിൽ സംഭവിച്ച ഒരു അപകടത്തിൽ വലുത് കാൽ തളർന്ന് കിടപ്പിലായിടത്ത് നിന്നാണ് തമിഴ് സിനിമയുടെ മുഖമായി വിക്രം മാറിയത്. ഇന്നും വിക്രത്തിന്റെ കാലിൽ പന്ത്രണ്ടാം വയസിലെ അപകടത്തിന്റെ അവശേഷിപ്പുകളുണ്ട്.
ആരാധകർ ഇപ്പോൾ കാത്തിരിക്കുന്നത് വിക്രത്തിന്റെ തങ്കലാൻ തിയേറ്ററുകളിൽ എത്തുന്നതിന് വേണ്ടിയാണ്. ലുക്ക് കൊണ്ട് പ്രേക്ഷകരെ വീണ്ടും ഞെട്ടിക്കാന്‍ ചിയാന്‍ വിക്രത്തിന് സാധിക്കുമെന്ന് സിനിമയുടെ മേക്കിങ് വീഡിയോ, സ്റ്റിൽസ് എന്നിവ പുറത്ത് വന്നപ്പോൾ തന്നെ പ്രേക്ഷകർക്ക് ഉറപ്പായി. നച്ചത്തിരം നഗര്‍കിറത് എന്ന ചിത്രത്തിന് ശേഷം പാ.രഞ്ജിത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് തങ്കലാന്‍. കോലാര്‍ സ്വര്‍ണഖനിയുടെ പശ്ചാത്തലത്തിലുള്ള പീരിയോഡിക് ആക്ഷന്‍ ചിത്രമായാണ് തങ്കലാന്‍ എത്തുന്നത്. പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ചിത്രമാകും തങ്കലാനെന്നാണ് മേക്കിങ് വീഡിയോ നല്‍കുന്ന സൂചന. കഥാപാത്രത്തിനായുള്ള വിക്രമിന്റെ തയ്യാറെടുപ്പുകള്‍ മേക്കിങ് വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരുന്നു. പാര്‍വതി തിരുവോത്തും മാളവികാ മോഹനനുമാണ് നായികമാര്‍. പശുപതി, ഹരികൃഷ്ണന്‍ അന്‍പുദുരൈ, പ്രീതി കരണ്‍, മുത്തുകുമാര്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ഇത്രത്തോളം വലിയ സൂപ്പർ സ്റ്റാറായിരുന്നിട്ടും നവാഗത സംവിധായകർക്ക് ഡേറ്റ് കൊടുക്കാൻ ഒട്ടും മടിയില്ലാത്ത നടൻ കൂടിയാണ് വിക്രം. പക്ഷെ വളരെ നാളുകളായി വിക്രത്തിന്റെ ഒരു സിനിമ പോലും വേണ്ടത്ര വിജയം നേടിയിട്ടില്ല. അടുത്തിടെ പുറത്തിറങ്ങിയ വിക്രത്തിന്റെ കോബ്ര, താണ്ഡവം,10 എൻട്രതുകുള്ളെ, ഇരുമുഖൻ, സ്കെച്ച്, സാമി സ്ക്വയർ, കദാരം കൊണ്ടൻ എന്നിവയെല്ലാം പരാജയമായിരുന്നു.
ആകെപ്പാടെ ഒരു ഹിറ്റെന്ന് പറയാൻ സാധിക്കുന്നത് മണിരത്നത്തിന്റെ സംവിധാനത്തിൽ റിലീസ് ചെയ്ത പൊന്നിയൻ സെൽവൻ മാത്രമാണ്. പക്ഷെ അതിന്റെ ക്രെഡിറ്റ് വിക്രത്തിന് മാത്രം എടുക്കാൻ പറ്റില്ല. കാരണം സിനിമ ഒരു മൾട്ടി സ്റ്റാർ ചിത്രമാണ്. വിക്രം ഒരു വരി മാത്രം കേട്ട് സിനിമയിൽ അഭിനയിക്കുന്നത് കൊണ്ടാണ് ഇങ്ങനെ തുടർച്ചയായി പരാജയപ്പെട്ട ചിത്രങ്ങൾ വരുന്നതിന് കാരണമെന്നാണ് ആരാധകർ പറയുന്നത്. അതിനാൽ തിരക്കഥ ഗൗരവമായി കേട്ട് സിനിമയിൽ അഭിനയിക്കണമെന്ന് ആരാധകരിൽ പലരും അഭ്യർത്ഥിച്ചിട്ടുണ്ട്. കൂടാതെ കോബ്ര, മഹാൻ തുടങ്ങിയ ചിത്രങ്ങളിൽ നടൻ അഭിനയിച്ചതിനേയും ആരാധകർ കുറ്റപ്പെടുത്തുന്നുണ്ട്.
തുടരെ തുടരെ വന്ന പരാജയങ്ങൾ വിക്രത്തേയും നന്നായി ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇപ്പോൾ ഓരോ തീരുമാനവും വളരെ ആലോചിച്ചാണ് താരം എടുക്കുന്നതെന്നും റിപ്പോർട്ടുണ്ട്. തുടർച്ചയായ പരാജയങ്ങൾ താങ്ങാനാവാതെ വിക്രത്തിന് ഭയവും സംശയവും കൂടിയെന്നും തങ്കലാൻ സെറ്റിൽ വെച്ച് അതിന്റെ ഭാഗമായി പാ.രഞ്ജിത്ത് നടനോട് ദേഷ്യപ്പെട്ടുവെന്നും റിപ്പോർട്ടുണ്ട്. താൻ ചെയ്തത് നന്നായോ, മാറ്റങ്ങൾ വരുത്തണോ എന്നിങ്ങനെയുള്ള ചോദ്യങ്ങളും സംശയങ്ങളും ഭയവും വിക്രത്തിന് കൂടിയെന്നും ഒരു ഘട്ടത്തിൽ എത്തിയപ്പോൾ ക്ഷമ നശിച്ച് പാ.രഞ്ജിത്ത് ദേഷ്യപ്പെട്ടുവെന്നുമാണ് ഫിലിം ക്രിട്ടിക്ക് ചെയ്യാർ ബാലു അടുത്തിടെ വെളിപ്പെടുത്തിയത്. തങ്കലാനിലെ കഥാപാത്രത്തിന് വേണ്ടി വിക്രം ശരീര ഭാരം വളരെ അധികം കുറയ്ക്കുകയും ശരീരം ടാനാകാനായി വെയിലത്ത് നിൽക്കുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്.
