സിയോള്‍: മ്യൂസിയത്തിലെത്തിയ വിദ്യാര്‍ത്ഥി വിശപ്പു സഹിക്കാന്‍ കഴിയാതെ കഴിച്ചത് 98 ലക്ഷം രൂപ വിലമതിക്കുന്ന പഴം. ദക്ഷിണ കൊറിയയിലെ സിയോളിലെ ലീയം മ്യൂസിയം ഓഫ് ആര്‍ട്ടിലാണ് രസകരമായ സംഭവം നടന്നത്. ആര്‍ട്ട് ഇന്‍സ്റ്റലേഷന്റെ ഭാഗമായി ഭിത്തില്‍ ഒട്ടിച്ചു വച്ചിരുന്ന പഴമാണ് വിശന്നപ്പോള്‍ മ്യൂസിയത്തിലെത്തിയ കുട്ടി അകത്താക്കിയത്. ഈ കലാസൃഷ്ടിയുടെ വിലയാണ് 98 ലക്ഷം രൂപ.
ഇറ്റാലിയന്‍ ചിത്രകാരന്‍ മൗറിസിയ കാറ്റലന്റെ ‘വി’ എന്ന പ്രദര്‍ശ പരിപാടിയുടെ ഭാഗമായി ‘കോമേഡിയന്‍’ എന്ന ആര്‍ട്ട് വര്‍ക്കായിരുന്നു ഈ പഴം. ചുമരില്‍ ടേപ് വച്ച് ഒട്ടിച്ചുവച്ചിരിക്കുകയായിരുന്നു ഇത്. ചിത്രപ്രദര്‍ശനം കാണാനെത്തിയ സോള്‍ നാഷനല്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിയായ നോഹ് ഹ്യൂന്‍ സൂവാണ് വിശപ്പു സഹിക്കാനാവാതെ പഴമെടുത്ത് കഴിച്ചത്. ‘രാവിലെ ഒന്നും കഴിച്ചില്ല, വിശക്കുന്നു’ എന്നു പറഞ്ഞാണ് വിദ്യാര്‍ത്ഥി ഇത് ഭക്ഷിച്ചത്.
വിദ്യാര്‍ത്ഥിയുടെ സുഹൃത്ത് പകര്‍ത്തിയ വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. വിദ്യാര്‍ത്ഥി പഴം എടുത്ത് കഴിക്കുന്നതും അതിനു ശേഷം പഴത്തൊലി ചുമരില്‍ ഒട്ടിച്ചുവയ്ക്കുന്നതുമാണ് വിഡിയോയില്‍ കാണുന്നത്. എന്തായാലും നടപടി എടുക്കാതെ വിദ്യാര്‍ത്ഥിക്ക് മാപ്പു നല്‍കിയിരിക്കുകയാണ് മ്യൂസിയം അധികൃതര്‍. മ്യൂസിയം അധികൃതര്‍ സംഭവം മൗറിസിയോയുടെ ശ്രദ്ധയില്‍പ്പെടുത്തി. എന്നാല്‍ ‘അത് കുഴപ്പമില്ല’ എന്നാണ് അദ്ദേഹം പറഞ്ഞത്. 2019ലും മൗറിസിയോയുടെ ആര്‍ട്ട് വര്‍ക്കിലെ പഴം ഇത്തരത്തില്‍ ഒരാള്‍ കഴിച്ചിരുന്നു.
