മലയാള സിനിമയിലെ മികച്ച ഡാൻസർ ആരാണെന്ന് ചോദിച്ചാൽ ഭൂരിഭാഗം പേരും പറയുന്ന പേരാകും കുഞ്ചാക്കോ ബോബൻ എന്നത്. ചാക്കോച്ചന്റെ ഡാൻസ് പലപ്പോഴും കണ്ണെടുക്കാതെ കണ്ടിരുന്നിട്ടുള്ളവരാണ് മലയാള സിനിമാ പ്രേക്ഷകർ. എന്നാൽ ദിവസങ്ങൾക്ക് മുൻപ് താരത്തിന്റെ വ്യത്യസ്തമായൊരു ഡാൻസാണ് വൈറലായത്.
തന്നിലെ ഇരുത്തം വന്ന ഡാന്‍സറെ മാറ്റി നിര്‍ത്തി ഉത്സവപ്പറമ്പിന്റെ വൈബ് മനസിലും ശരീരത്തിലും ആവാഹിച്ച് ചാക്കോച്ചന്‍ കളിച്ച നാടന്‍ റോക്ക് ഡാന്‍സ് പ്രേക്ഷകർ ഒന്നാകെ സ്വീകരിക്കുകയാണ് ചെയ്തത്. പുതിയ സിനിമയായ ‘ന്നാ താന്‍ കേസ് കൊടി’ലെ ദേവദൂതർ പാടി എന്ന ഗാനത്തിനായിരുന്നു ചാക്കോച്ചന്റെ ആ ആട്ടം. പഴയ ഗാനത്തിന്റെ പുനരാവിഷ്കാരമായിട്ടാണ് ചിത്രത്തിൽ ഗാനം ഉൾപ്പെടുത്തിയിരിക്കുന്നത്.
ഉത്സവപ്പറമ്പിലും മറ്റും ഗാനമേളയ്ക്കിടെ പരിസരം മറന്ന് ഡാന്‍സ് ചെയ്യുന്ന ചിലരെ ഓര്‍മ്മിപ്പിക്കുന്ന ചാക്കോച്ചന്റെ ഡാന്‍സ് യൂട്യൂബിൽ ട്രെൻഡിൻഡിങ്ങിലാണ്. ഒരു കോടിയിലധികം പേരാണ് ഡാൻസ് ഇതിനോടകം കണ്ടത്. അതേസമയം, ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ ഒരു അഭിമുഖത്തിൽ പണ്ട് പരുക്കേറ്റ കൈയുമായി ഡാൻസ് ഷൂട്ടിന് ചെന്നപ്പോൾ ഉണ്ടായ രസകരമായ സംഭവം പങ്കുവച്ചിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ.
ഉണ്ണി മുകുന്ദൻ, കുഞ്ചാക്കോ ബോബൻ എന്നിവർ പ്രധാന കഥാപാത്രമായി എത്തിയ ‘മല്ലു സിങ്’ എന്ന ചിത്രത്തിലെ ‘കാക്കമലയിലെ’ എന്ന ഗാനത്തിന്റെ ചിത്രീകരണ സമയത്തുണ്ടായ രസകരമായ സംഭവമാണ് ചാക്കോച്ചൻ പങ്കുവച്ചത്. “ചിത്രത്തിന്റെ ഷൂട്ട് തുടങ്ങുന്ന ആദ്യ ദിവസമായിരുന്നു പാട്ടിന്റെ ഷൂട്ട്. എന്റെ കൈയ്ക്ക്, തോളിന് പരുക്കുണ്ടായിരുന്നു. ഞാൻ ചെന്നപ്പോൾ തന്നെ ഷോബി മാസ്റ്ററോട് പറഞ്ഞു,. കൈ അധികം അനങ്ങുന്ന സ്റ്റെപ്പ് ഒന്നും ഇടരുത്. പരുക്കുണ്ടെന്ന്. വീഡിയോ കണ്ടാൽ അറിയാം എനിക്ക് മൊത്തം കാലിൽ ആയിരുന്നു. നിലത്ത് കാലുവെക്കാൻ സമയം കിട്ടിയിട്ടില്ല. ആ പാട്ടിൽ ഫുൾ എയറിൽ ആയിരുന്നു.” കുഞ്ചാക്കോ ബോബൻ പറഞ്ഞു.
മല്ലു സിങ്ങിലെ കുഞ്ചാക്കോ ബോബന്റെ ഡാൻസ് അന്ന് ആരാധകർ ഏറ്റെടുത്ത ഒന്നായിരുന്നു. ഏറെ നാളുകൾക്ക് ശേഷം തകർപ്പൻ ഡാൻസ് നമ്പറുമായി കുഞ്ചാക്കോ ബോബൻ സ്‌ക്രീനിൽ എത്തിയ ഗാനമായിരുന്നു അത്. എന്നാൽ ആ തകർപ്പൻ സ്റ്റെപ്പുകൾക്ക് പിന്നിൽ ഇങ്ങനെ ഒരു രഹസ്യമുണ്ടായിരുന്നു എന്ന് ഇപ്പോൾ മാത്രമാണ് പ്രേക്ഷകർ അറിയുന്നത്.
നേരത്തെ ‘ദേവദൂതർ പാടി’യ്ക്ക് വേണ്ടി താൻ തന്നെ സ്റ്റെപ്പുകൾ ഇട്ടതാണെന്ന് കുഞ്ചാക്കോ ബോബൻ പറഞ്ഞിരുന്നു. അത്തരത്തിൽ നൃത്തം ചെയ്യുന്നവരെ താന്‍ നേരിട്ട് കണ്ടിട്ടില്ലെന്നും സോഷ്യല്‍ മീഡിയയില്‍ ചില വീഡിയോകള്‍ കണ്ടിട്ടുണ്ട് അതില്‍ കണ്ട ചിലരെയൊക്കെ വച്ച് ആ സമയത്ത് മനസില്‍ വന്ന ഒരു തോന്നലിന് ചെയ്തതാണെന്നാണ് താരം പറഞ്ഞത്.
ദേവദൂതര്‍ പാടി എന്ന ഗാനം എല്ലാ മലയാളികളേയും പോലെ തന്റേയും പ്രിയഗാനങ്ങളിലൊന്നാണെന്നും ആ പാട്ടിന് ഇങ്ങനെ ചുവടുവയ്ക്കും എന്ന് ഓര്‍ത്തിട്ടുപോലുമില്ലായിരുന്നുവെന്നും തന്റേത് ഡാൻസ് ആണോന്ന് പോലും അറിയില്ലെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞിരുന്നു. ഡാൻസിന് മുൻപ് ചുറ്റുമുള്ളവരോട് തന്റെ ഡാൻസ് ഇങ്ങനെയല്ലെന്നും കഥാപാത്രത്തിന് വേണ്ടിയാണ് ക്ഷമിക്കണമെന്ന് പറഞ്ഞുവെന്നതടക്കമുളള രസകരമായ അനുഭവങ്ങൾ താരം അഭിമുഖങ്ങളിൽ പങ്കുവച്ചിരുന്നു.
ഓഗസ്റ്റ് 11ന് ആണ് ‘ന്നാ താൻ കേസ് കൊട്’ തിയേറ്ററിൽ എത്തുക. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, കനകം കാമിനി കലഹം എന്നീ സിനിമകള്‍ക്ക് ശേഷം രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കുഞ്ചാക്കോ ബോബൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ സൂപ്പർ ഡീലക്സ്, വിക്രം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയായ തമിഴ് നടി ഗായത്രി ശങ്കറാണ് നായിക. ഗായത്രിയുടെ അദ്യ മലയാള ചലച്ചിത്രം കൂടിയാണ് ഇത്. ബേസിൽ ജോസഫ്, ഉണ്ണിമായ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
