ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും വിവാഹം കഴിക്കാൻ തീരുമാനിച്ചു എന്നത് പ്രേക്ഷകര്‍ സന്തോഷത്തോടെയുള്ള ഞെട്ടലോടെയാണ് കേട്ടത്. ജിപിയുടേതും ഗോപിക അനിലിന്റെയും പ്രണയ വിവാഹമായിരിക്കും എന്ന് സ്വാഭാവികമായും ആരാധകര്‍ സംശയിച്ചു. എന്നാല്‍ കുടുംബക്കാരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് വിവാഹ ആലോചനയിലേക്ക് എത്തുകയായിരുന്നു എന്ന് പിന്നീട് ഇരുവരും വെളിപ്പെടുത്തി. ഇപ്പോഴിതാ ജിപിയും ഗോപികയും വിവാഹത്തിന്റെ കഥ വെളിപ്പെടുത്തി എത്തിയിരിക്കുകയാണ്.
ഗോവിന്ദ് പത്മസൂര്യയും ഗോപികയും യൂട്യൂബ് വീഡിയോയിലാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഗോവിന്ദ് പത്മസൂര്യയുടെ അച്ഛന്റെ അനിയത്തിയും തന്റെ വല്യമ്മയും സുഹൃത്തുക്കളായിരുന്നു എന്ന് ഗോപിക വ്യക്തമാക്കുന്നു. അവരാണ് ഇങ്ങനെ ഞങ്ങള്‍ക്കായി ഒരു വിവാഹം ആലോചിച്ചത്. ഗോപികയെ പോയി കാണണമെന്ന് മേമ തന്നോട് ആവശ്യപ്പെടുകയായിരുന്നു എന്ന് ജിപിയും വ്യക്തമാക്കുന്നു. എന്നാല്‍ അതിന് അത്ര പ്രധാന്യം ആദ്യം നല്‍കിയിരുന്നില്ല. ഒടുവില്‍ കര്‍ശന നിര്‍ദ്ദേശമുണ്ടായപ്പോഴാണ് ഗോപികയെ വിളിക്കുകയും ചെന്നൈയില്‍ പോയി കാണുകയും ചെയ്‍തത്. കാപാലീശ്വരര ക്ഷേത്രത്തില്‍ വെച്ചാണ് ഗോപികയെ ആദ്യമായി കാണുന്നത് എന്നും ഗോവിന്ദ് പത്മസൂര്യ വ്യക്തമാക്കി.
