ബിഗ് ബോസ് മലയാളം സീസൺ അഞ്ചിലെ ഏറ്റവും ഹൃദ്യമായ വാരമായിരുന്നു കഴിഞ്ഞു പോയത്. തെണ്ണൂറ് ദിവസങ്ങളടുപ്പിച്ച് തങ്ങളുടെ പ്രിയപ്പെട്ടവരെ കാണാതെ നിന്ന മത്സരാർത്ഥികളുടെ ഉള്ളിൽ പുതുമഴ പെയ്യിച്ച ദിവസങ്ങൾ. ഉറ്റവർ ഓടിയെത്തിയപ്പോൾ പലരും ഇടറി, കണ്ണുകളിൽ ഈറനണിഞ്ഞു. മറ്റു പലരും സന്തോഷം കൊണ്ട് തുള്ളിച്ചാടി, സന്തോഷ കണ്ണീർ ഉള്ളിലൊതുക്കി. മലയാളം ബിഗ് ബോസ് ചരിത്രത്തിൽ ആദ്യമായെത്തിയ ഫാമിലി വീക്ക് പ്രേക്ഷകർക്കും ഹൃദ്യമായി മാറി. ഈ സന്തോഷ നിമിഷങ്ങൾക്ക് ശേഷം മോഹൻലാൽ ഇന്ന് മത്സരാർത്ഥികളെ കാണാൻ എത്തുകയാണ്. ഇതിന്റെ പ്രൊമോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. “നിറ പുഞ്ചിരിയുള്ള മുഖങ്ങൾ മാത്രമാകും ഇന്ന് ബിഗ് ബോസ് വീട്ടിൽ എന്നെ വരവേൽക്കുക. പോയ ദിനങ്ങൾ കുടുംബാംഗങ്ങൾക്കും നമുക്കും ഒരു പോലെ അവിസ്മരണീയം ആയിരുന്നു. മാസങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷം അവർ തങ്ങളുടെ പ്രിയപ്പെട്ടവരെ കണ്ടുമുട്ടിയ ഹൃദയഹാരിയായ നിമിഷങ്ങൾ. അത്യന്തം വികാര സാന്ദ്രമായ, ഒത്തുചേരലിന്റെ കണ്ണീർ നിറമുള്ള മുഹൂർത്തങ്ങൾ ആയിരുന്നു അവ. അതു നമ്മുടെയും മനസ് നിറച്ചു. തീർച്ചയായും അവർക്ക് എന്നോട് ഏറെ പറയാനുണ്ടാകും ഇന്ന്. പക്ഷേ ഫിനാലെയുടെ പടിവാതിൽക്കൽ വച്ചുള്ള ചിലരുടെ കൊഴിഞ്ഞു പോക്ക് അത് ഒഴിവാക്കാനും കഴിയില്ല. കാണാം എന്തൊക്കെ എന്ന്”, എന്നാണ് പ്രൊമോ വീഡിയോയിൽ മോഹൻലാൽ പറയുന്നത്.
