എന്റർടെയ്ൻമെന്റിന്റെ എല്ലാ ചേരുവകളും ഒരു കുടക്കീഴിലാക്കി ‘കിംഗ് ഓഫ് കൊത്ത’ പ്രേക്ഷകരിലേക്ക് എത്താൻ ഇനി പത്തു ദിവസങ്ങൾ ബാക്കി. റിലീസിനോട് അനുബന്ധിച്ച് ഗംഭീര പ്രൊമോഷൻ പരിപാടികൾക്ക് തുടക്കമായിട്ടുണ്ട്. ഇന്നലെ ഹൈദരാബാദ് ജെ ആർ സി കൺവെൻഷൻ സെന്ററിൽ നടന്ന പ്രി റിലീസ് ഇവെന്റിൽ റാണാ ദഗുപതി, നാനി എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു. ദുൽഖർ സൽമാൻ, ഷബീർ കല്ലറക്കൽ ,ഐശ്വര്യാ ലക്ഷ്മി, അനിഖ സുരേന്ദ്രൻ എന്നിവർ സന്നിഹിതരായി. ചടങ്ങിലെത്തിയ ആരാധകരോട് മലയാളത്തിൽ “എല്ലാ നാട്ടുകാർക്കും ഒരുപാട് സ്നേഹം,ഇഷ്ടം. ഇരുപത്തി നാലാം തീയതി കറങ്ങി നടക്കാതെ തിയറ്ററിൽ പോയി സിനിമ കാണണം പ്ലീസ്”എന്നാണ് ദുൽഖർ പറഞ്ഞത്. ഹർഷാരവത്തോടെയാണ് ദുൽഖറിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുത്തത്. തന്റെ കരിയറിലെ ഏറ്റവും വലിയ പ്രോജക്ടാണ് കിംഗ് ഓഫ് കൊത്തയെന്നും ഈ ചിത്രത്തിൽ ഞാൻ ആത്മാർത്ഥമായി വിശ്വസിക്കുന്നുവെന്നും അതിന്റെ വിജയം ഉണ്ടാകുമെന്നു കരുതുന്നുവെന്നും ദുൽഖർ പറഞ്ഞു.
